വാഷിങ്ടണ്‍: സോമാലിയയിലെ അല്‍ ഷബാബ് ഭീകരരുടെ പരിശീലന ക്യാമ്പിനുനേരെ അമേരിക്കന്‍ വ്യോമാക്രമണം. 150 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് പെന്റഗണ്‍ വക്താവ് ക്യാപ്റ്റന്‍ ജെഫ് ഡേവിസ് പറഞ്ഞു. അല്‍ ഖ്വെയ്ദ ബന്ധമുള്ള ഭീകര സംഘടനയാണ് സോമാലിയയിലെ അല്‍ ഷബാബ്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശീലനക്യാമ്പ് ആഴ്ചകളോളം നിരീക്ഷിച്ചശേഷമായിരുന്നു വ്യോമാക്രമണം. യുദ്ധവിമാനങ്ങളും പൈലറ്റില്ലാ വിമാനങ്ങളും വ്യോമാക്രമണത്തിന് ഉപയോഗിച്ചു. സോമാലിയ തലസ്ഥാനമായ മൊഗദിഷുവിന് 120 മൈല്‍ അകലെയുള്ള പരിശീലന ക്യാമ്പാണ് ആക്രമിച്ചതെന്ന് പെന്റഗണ്‍ വ്യക്തമാക്കി. ഭീകരാക്രമണം നടത്തുന്നതിനുള്ള പരിശീലനമാണ് ക്യാമ്പില്‍ നടക്കുന്നതെന്ന രഹസ്യ വിവരമാണ് ലഭിച്ചത്.
അല്‍ഷബാബ് ഭീകരരെ ആഫ്രിക്കന്‍ യൂണിയന്‍ സമാധാന സേന 2011 ല്‍ മൊഗദിഷുവില്‍നിന്ന് തുരത്തിയിരുന്നു. എന്നാല്‍, ആക്രമണങ്ങള്‍ നടത്തി വീണ്ടും ശക്തിപ്രാപിക്കാന്‍ അല്‍ ഷബാബ് ശ്രമിക്കുന്നതിനിടെയാണ് ശക്തമായ തിരിച്ചടി. ശരീയത്ത് നിയമം സോമാലിയയില്‍ നടപ്പാക്കണമെന്ന് വാദിക്കുന്നവരാണ് അല്‍ ഷബാബ് ഭീകരര്‍. കെനിയയിലും ഉഗാണ്ടയിലും നടന്ന വിവിധ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ അല്‍ ഷബാബ് ആയിരുന്നു.