ചൈന വിക്ഷേപിച്ച ഹൈപ്പർസോണിക് ആയുധത്തിന്റെ വേഗത്തിലും ആക്രമണ പരിധിയുടെ വ്യാപ്‌തിയിലും അമ്പരന്ന് യുഎസ് പ്രതിരോധ വിഭാഗം. ‘ലോകത്ത് മറ്റൊരു രാജ്യത്തിനും ഇല്ലാത്ത പ്രതിരോധ ശേഷിയാണ് ചൈന കൈവരിച്ചിരിക്കുന്നത്’- പെന്റഗൺ വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിളിൽനിന്ന് ശബ്‌ദത്തിന്റെ അഞ്ചിരട്ടി വേഗത്തിൽ ദക്ഷിണ ചൈനാ സമുദ്രത്തിനു മുകളിലായിരുന്നു ചൈനയുടെ മിസൈൽ പരീക്ഷണം.
ചൈന അക്കാദമി ഓഫ് ലോഞ്ച് വെഹിക്കിള്‍ ടെക്‌നോളജിയിലെ ഗവേഷകരാണ് ആയുധം വികസിപ്പിച്ചത്. എന്നാൽ ഇതിന്റെ വിശദ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം, തങ്ങൾ നടത്തിയത് സാധാരണ ബഹിരാകാശ പരീക്ഷണം ആണെന്നാണ് ചൈനയുടെ വാദം.
ഭ്രമണപഥത്തിൽ വച്ച് എതിരാളിയുടെ ഉപകരണത്തെ വീഴ്‌ത്തുന്ന വിദ്യയാണ് ചൈന ഉപയോഗിച്ചതെന്നും യുഎസിൽ പറന്നെത്തുന്ന മിസൈലുകളെ വെടി വച്ച് വീഴ്ത്താമെന്ന രാജ്യത്തിന്റെ വിശ്വാസത്തിനേറ്റ തിരിച്ചടിയാണ് ഇതെന്നുമാണ് യുഎസ് പ്രതിരോധവിഭാഗം ഇതിനെ വിലയിരുത്തുന്നത്.