കാബൂള്‍ ചാവേര്‍ ആക്രമണം ധീരമായി ചെറുത്ത അഫ്ഗാനിസ്ഥാന്‌ പിന്തുണയുമായി യുഎസ്‌

വാഷിംഗ്ടണ്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍, ഘോര്‍ പ്രവിശ്യകളിലെ രണ്ട് പള്ളികളില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 63 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎസ് അപലപിച്ചു.

വെള്ളിയാഴ്ച പ്രാര്‍ത്ഥനാ സമയത്താണ് കാബൂളിലെ ഷിയാ മുസ്ലീം പള്ളിയിലും പടിഞ്ഞാറന്‍ ഖോര്‍ പ്രവിശ്യയിലെ സുന്നി മസ്ജിദിലും സ്‌ഫോടനമുണ്ടായത്.

‘യുക്തിരഹിതവും ഭീരുത്വവുമായ ഈ പ്രവൃത്തികളുടെ മുഖത്ത്, അഫ്ഗാനിലെ ഞങ്ങളുടെ പ്രതിബദ്ധത അചഞ്ചലമാണ്’എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹേതര്‍ നൌറെറ്റ് പറഞ്ഞു.

സമാധാനവും സുരക്ഷയും കൈവരിക്കാനായുള്ള അഫ്ഗാന്‍ സര്‍ക്കാരിന്റെയും ജനങ്ങളുടെയും ശ്രമങ്ങള്‍ക്ക് യുഎസ് പിന്തുണ നല്‍കുമെന്നും, അവര്‍ അറിയിച്ചു.

മാത്രമല്ല, കാബൂള്‍ ആക്രമണത്തെയും, ഈ ആഴ്ച രാജ്യവ്യാപകമായി നടന്ന മറ്റ് ആക്രമണങ്ങളെയും നാവേര്‍ട്ട് ശക്തമായി അപലപിച്ചു. അഫ്ഗാന്‍ സര്‍ക്കാരിന്റെയും സുരക്ഷാ സേനകളുടെയും ചെറുത്തു നില്‍പ്പിനെയും അവര്‍ പ്രശംസിച്ചു.

‘ഈ ആക്രമണങ്ങള്‍ക്കെതിരെ പോരാടിയതിന് അഫ്ഗാന്‍ സര്‍ക്കാരിനെയും സുരക്ഷാ അധികാരികളെയും അഭിനന്ദിക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കളോടും ഞങ്ങളുടെ ആത്മാര്‍ത്ഥമായ അനുശോചനങ്ങളും വാഗ്ദാനം ചെയ്യുന്നു’. യു എസ് വക്താവ് പറഞ്ഞു.

കാബൂളിലെ ഷിയാ ഇമാം സംസം മസ്ജിദിലാണ് ഒരു ആക്രമണമുണ്ടായത്, വെള്ളിയാഴ്ചയിലെ പ്രാര്‍ത്ഥനാ വേളയില്‍ കാല്‍നടയായെത്തിയ ആക്രമി പള്ളിക്ക് സമീപം എത്തിയപ്പോള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ആക്രമത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും 45 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം, ഖോറിലെ സുന്നി മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനാ സമയത്ത് നടന്ന ചാവേര്‍ ആക്രമണത്തില്‍ 33 പേരാണ് കൊല്ലപ്പെട്ടത്.

അഫ്ഗാന്‍ യുദ്ധതന്ത്രജ്ഞനെ ഉന്നം വച്ചായിരുന്നു ഭീകരര്‍ ആക്രമണം നടത്തിയതെന്ന് പ്രൊവിന്‍ഷ്യല്‍ ചീഫ് പോലീസ് വക്താവ് മുഹമ്മദ് ഇഖ്ബാല്‍ നിസാമി പറഞ്ഞു.

Top