വാഷിങ്ടണ്‍; അമേരിക്ക-താലിബാന്‍ സമാധാന ചര്‍ച്ച എട്ടാം ഘട്ടത്തിലേക്ക് കടന്നു. അഫ്ഗാന്‍ സമാധാനത്തിനായുള്ള മധ്യസ്ഥ നീക്കങ്ങളുടെ ഏറ്റവും സുപ്രധാനഘട്ടമാണിതെന്നും ഇന്നത്തോടെ അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍മാറുന്നടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ആയേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അമേരിക്ക നിയോഗിച്ച പ്രത്യേക സമാധാന ദൂതന്‍ സാല്‍മെയ് ഖലീല്‍സാദിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്. ദോഹയില്‍ നടക്കുന്ന ചര്‍ച്ചകള്‍ അമേരിക്കന്‍ സേനയുടെ പിന്‍മാറ്റത്തിന് ഇടയാക്കാന്‍ സാധ്യതയുണ്ടെന്ന് ഖലീല്‍സാദ് ട്വീറ്റ് ചെയ്തു. മികച്ചൊരു സമാധാന കരാറിനായി ഒരുങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗസ്റ്റ് 13ന് മുന്നോടിയായി അമേരിക്കന്‍ സേനയെ പിന്‍വലിക്കുന്നതിന് ധാരണയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചര്‍ച്ചകളുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ സൂചിപ്പിച്ചു. 20000 ത്തോളം സൈനികരാണ് നിലവില്‍ അഫ്ഗാനിലുള്ളത്. പൂര്‍ണ്ണമായ നിബന്ധനകളോട് കൂടിയായിരിക്കും അമേരിക്ക സേനയെ പിന്‍വലിക്കുക. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാന്‍ മണ്ണ് ഇനിയൊരിക്കലും ഉപയോഗപ്പെടുത്തില്ലെന്ന് താലിബാന്‍ ഉറപ്പ് നല്‍കണമെന്നതാണ് പ്രധാന നിബന്ധന.