യുഎസ്-താലിബാന്‍ സമാധാന കരാര്‍; സാക്ഷിയാകാന്‍ ഇന്ത്യയും

വാഷിങ്ടണ്‍:അമേരിക്കയും അഫ്ഗാനിസ്ഥാനിലെ ഭീകരസംഘടനയായ താലിബാനും തമ്മില്‍ ഇന്ന് സമാധാന കരാറില്‍ ഒപ്പിടും. സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആകും യുഎസിനെ പ്രതിനിധീകരിച്ച് കരാറില്‍ ഒപ്പിടുകയെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഖത്തര്‍ തലസ്ഥാനമായ ദോഹയാണ് ഈ ചരിത്രസംഭവത്തിന് വേദിയാകുന്നത്. അഫ്ഗാനിസ്ഥാനിലെയും ദക്ഷിണേഷ്യന്‍ മേഖലയിലെയും സമാധാന ദിശയില്‍ ചരിത്രപരമായ നേട്ടമാണ് ഇന്ന് അടയാളപ്പെടുത്തുക.

അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈനികരെ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിനുള്ള ആദ്യ പടിയാണ് ഈ കരാര്‍. ഘട്ടം ഘട്ടമായിട്ടായിരിക്കും അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് സേനയെ പിന്‍വലിക്കുക. തീവ്രവാദികളെ സഹായിക്കില്ലെന്ന് താലിബാന്റെ ഉറപ്പടക്കം കരാറിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇന്ന് വൈകീട്ടോടെയാകും കരാര്‍ ഒപ്പിടുക. കരാര്‍ ഒപ്പിടുന്നതില്‍ സാക്ഷിയാകാന്‍ ഇന്ത്യയും പാക്കിസ്ഥാനും അടക്കം 30 രാജ്യങ്ങള്‍ക്ക് ക്ഷണമുണ്ട്. ഖത്തര്‍ ഭരണകൂടമാണ് ഇന്ത്യയെ ക്ഷണിച്ചത്. ഖത്തറിലെ ഇന്ത്യ അംബാസഡര്‍ പി കുമാരന്‍ ചടങ്ങില്‍ പങ്കെടുക്കും. ഇതാദ്യമായാണ് താലിബാന്‍ ഉള്‍പ്പെടുന്ന പരിപാടിയില്‍ ഒരു ഇന്ത്യന്‍ പ്രതിനിധി ഔദ്യോഗികമായി പങ്കെടുക്കുന്നത്.

പതിമൂവായിരത്തോളം യുഎസ് സൈനികര്‍ നിലവില്‍ അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ടിക്കുന്നുണ്ട്. ഇത് 135 ദിവസം കൊണ്ട് 8,600 ലേക്കെത്തും. പൂര്‍ണ്ണമായും സൈനികരെ പിന്‍വലിക്കുന്നതിനുള്ള സമയപരിധിയും കരാറിലുണ്ടാകുമെന്നാണ് സൂചന. അല്‍ഖ്വായ്ദയ്ക്കും മറ്റു തീവ്രവാദ സംഘടനകള്‍ക്കും സഹായം നല്‍കരുത്. അക്രമങ്ങള്‍ കുറയ്ക്കുക. അഫ്ഗാന്‍ സര്‍ക്കാരുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തുക എന്നിങ്ങനെയാണ് കരാറില്‍ താലിബാനുള്ള നിര്‍ദേശങ്ങള്‍.

അഫ്ഗാനിലെ സായുധ പോരാട്ടം അവസാനിപ്പിക്കാന്‍ യുഎസും താലിബാനും തമ്മില്‍ ഒരുവര്‍ഷമായി നടന്നുവരുന്ന സമാധാന ചര്‍ച്ചകള്‍ ഒടുവിലാണ് കരാര്‍ സംഭവിക്കുന്നത്.

Top