വാഷിങ്ടന്‍: ഇസ്രയേലിനെതിരെ പുതിയ പോര്‍മുഖം തുറക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് ഇറാന് യുഎസിന്റെ ഭീഷണി. ഇസ്രയേലിലുള്ള യുഎസ് പൗരന്‍മാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി. ഇറാന്‍ സംഘര്‍ഷത്തിന്റെ ഭാഗമായേക്കുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പുമായി യുഎസിന്റെ രംഗപ്രവേശം.
‘ഈ ഘട്ടത്തില്‍ ഇറാനുമായി ഒരു സംഘര്‍ഷത്തിന് യുഎസ് ആഗ്രഹിക്കുന്നില്ല. മാത്രമല്ല, ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്കു വ്യാപിക്കുന്നതിനും ഞങ്ങള്‍ എതിരാണ്. പക്ഷേ, ഇറാനോ അതിന്റെ ഭാഗമായ സംഘടനകളോ യുഎസ് പൗരന്‍മാര്‍ക്കെതിരെ ആക്രമണത്തിനു തുനിഞ്ഞാല്‍ ഞങ്ങള്‍ പൂര്‍ണ പ്രതിരോധവുമായി രംഗത്തിറങ്ങും. ഏറ്റവും കഠിനമായിത്തന്നെ ഞങ്ങള്‍ അതിനെ നേരിടും’ – യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ബ്ലിങ്കന്‍ വ്യക്തമാക്കി.
ഇസ്രയേലിനെതിരെ പോരാട്ടത്തിന് ഇറങ്ങുന്നതില്‍നിന്ന് ഇറാനെ തടയണമെന്ന്, റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ 15 അംഗങ്ങളോടും യുഎസ് അഭ്യര്‍ഥിച്ചു. അങ്ങനെ സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇറാനായിരിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തണമെന്നും യുഎസ് ആവശ്യപ്പെട്ടു.