യുക്രൈനെ ആക്രമിച്ചാല്‍ റഷ്യയുടെ എണ്ണ പൈപ്പ്‌ലൈന്‍ പദ്ധതി അനുവദിക്കില്ലെന്ന് അമേരിക്കയുടെ ഭീഷണി

വാഷിങ്ടണ്‍: യുക്രൈനെ ആക്രമിച്ചാല്‍ റഷ്യയുടെ എണ്ണ പൈപ്പ്‌ലൈന്‍ പദ്ധതി അനുവദിക്കില്ലെന്ന് അമേരിക്കയുടെ ഭീഷണി. റഷ്യയില്‍ നിന്ന് പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് പ്രകൃതിവാതകം എത്തിക്കാനുള്ള കൂറ്റന്‍ പൈപ്പ്‌ലൈനിന്റെ പ്രവര്‍ത്തികള്‍ നടക്കുകയാണ്. യുെ്രെകനെ ആക്രമിച്ചാല്‍ ഉപരോധത്തിലൂടെ ഈ പൈപ്പ്‌ലൈന്‍ പണി നിര്‍ത്തിക്കുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

അമേരിക്കന്‍ വിദേശകാര്യ വക്താവ് നെഡ് പ്രൈസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്തുണയുമായി ജര്‍മനി അടക്കമുള്ള രാജ്യങ്ങളും രംഗത്തെത്തി. റഷ്യയില്‍ നിന്ന് ജര്‍മനിവരെ നീളുന്ന 1255 കിലോമീറ്റര്‍ വരുന്ന പൈപ്പ്‌ലൈന്‍ അവസാന ഘട്ടത്തിലാണ്. 800 കോടി യൂറോയുടെ ഈ പദ്ധതി തടസപ്പെട്ടാല്‍ അത് റഷ്യക്ക് സാമ്പത്തികമായി വന്‍ തിരിച്ചടിയായിരിക്കും.

യുക്രൈനെ ഭാവിയില്‍ ഒരിക്കലും നാറ്റോയില്‍ അംഗമാക്കില്ലെന്ന് ഉറപ്പു വേണമെന്ന റഷ്യയുടെ ആവശ്യം അമേരിക്ക കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതോടെ യുക്രൈന്‍ പ്രതിസന്ധിയില്‍ പ്രശ്‌ന പരിഹാര സാധ്യത കൂടുതല്‍ മങ്ങിയതാണ്. തങ്ങള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിച്ച് ഭയപ്പെടുത്താനാണ് അമേരിക്കയുടെ ശ്രമമെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന് റഷ്യ മുന്നറിയിപ്പും നല്‍കിയിരുന്നു.

യുക്രൈന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാനും കഴിഞ്ഞ ദിവസം റഷ്യ തീരുമാനിച്ചു. യൂറോപ്യന്‍ രാജ്യങ്ങളും സൈനിക നീക്കം ശക്തമാക്കുകയാണ്. യുക്രൈനെ ആക്രമിച്ചാല്‍ റഷ്യയുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. യുദ്ധനീക്കം വന്‍ പ്രത്യാഘാതം വിളിച്ചുവരുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു.

Top