അമേരിക്ക 638 വധശ്രമങ്ങള്‍ നടത്തിയിട്ടും അതിനെ അതിജീവിച്ച് വിപ്ലവ ക്യൂബയെ മുന്നോട്ട് നയിച്ച നായകനാണ് ഫിഡല്‍ കാസ്‌ട്രോ. കാസ്‌ട്രോയുടെയും ചെഗുവേരയുടെയും നേതൃത്വത്തില്‍ രക്തം ചീന്തി 1953 മുതല്‍ 1959 വരെ നടത്തിയ ഗറില്ലാ പോരാട്ടത്തിനൊടുവിലാണ് ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെനേതൃത്വത്തിലുള്ള അമേരിക്കയുടെ പാവ സര്‍ക്കാറിനെ പുറത്താക്കി കാസ്‌ട്രോയും ചെഗുവേരയുടെയും നേതൃത്വത്തിലുള്ള വിപ്ലവകാരികള്‍ ക്യൂബയുടെ ഭരണം പിടിച്ചിരുന്നത്. കാസ്‌ട്രോയുടെ മരണശേഷം ക്യൂബയെ തകര്‍ക്കാന്‍ വീണ്ടും ശക്തമായ കരുനീക്കങ്ങളാണ് അമേരിക്ക നടത്തി വരുന്നത്. അതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
ക്യൂബന്‍ ജനതയില്‍ ഭിന്നിപ്പുണ്ടാക്കി ഭരണകൂടത്തെ തകര്‍ക്കുക എന്ന നീചമായ പ്രവര്‍ത്തിയാണ് അമേരിക്കന്‍ ചാര സംഘടനകള്‍ നിര്‍വ്വഹിക്കുന്നത്. ക്യൂബയില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും അസ്ഥിരീകരണത്തിനുമായി അമേരിക്ക 20 ലക്ഷം ഡോളര്‍ കൂടിയാണ് കൂടുതലായി വകയിരുത്തിയിരിക്കുന്നത്. പൊതുസമൂഹമെന്ന വ്യാജേന നില്‍ക്കുകയും എന്നാല്‍ അമേരിക്കയുടെ ഉത്തരവുകള്‍ നടപ്പാക്കുകയും ചെയ്യുന്ന പ്രതിവിപ്ലവകാരികള്‍ക്കും വലതുപക്ഷസംഘങ്ങള്‍ക്കുമാണ് അമേരിക്കന്‍ അന്താരാഷ്ട്ര വികസന ഏജന്‍സി പണം അനുവദിച്ചിരിക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് ക്യൂബയിലെ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ എന്നതും നാം തിരിച്ചറിയണം. ഉപരോധത്തിലൂടെ ക്യൂബയെ വരിഞ്ഞുമുറുക്കുമ്പോള്‍ തന്നെ അവിടെ അട്ടിമറി നടത്താന്‍ കമ്യൂണിസ്റ്റ് വിരുദ്ധ സംഘങ്ങള്‍ക്ക് ശതകോടിക്കണക്കണിന് ഡോളറാണ് അമേരിക്ക കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ യുഎസ്എഐഡിയുടെയും നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ഡെമോക്രസിയുടെയും പേരില്‍ 25 കോടി ഡോളര്‍ അമേരിക്ക ക്യൂബയിലെ വലതുപക്ഷത്തിന് നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ ഏജന്‍സികള്‍ 25 ലക്ഷം ഡോളര്‍ നല്‍കിയതായി അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ ട്രേസി ഈറ്റണിന്റെ ക്യൂബ മണി പ്രോജക്ട് വെബ്സൈറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ എല്ലാം തുടര്‍ച്ചയായി മാത്രമേ ക്യൂബയിലെ പ്രതിഷേധങ്ങളെ കാണാന്‍ സാധിക്കൂ. ജൂലൈ 11ന് ഹവാന ഉള്‍പ്പെടെ ക്യൂബയിലെ വിവിധയിടങ്ങളില്‍ കൂടുതല്‍ വാക്സിനേഷനും ഭക്ഷ്യവസ്തുക്കളും ആവശ്യപ്പെട്ട് പ്രകടനം നടന്ന പശ്ചാത്തലത്തില്‍ വിപ്ലവ സര്‍ക്കാരിനെതിരെ പ്രചണ്ഡമായ ദുഷ്പ്രചാരണങ്ങളാണ് ഇപ്പോള്‍ ലോക വ്യാപകമായി നടക്കുന്നത്.
ക്യൂബയില്‍ പട്ടിണിയാണെന്നും മരുന്നില്ലെന്നും മഹാമാരി നിയന്ത്രിക്കാന്‍ ഭരണസംവിധാനത്തിന് കഴിയുന്നില്ലെന്നുമാണ് ഇക്കൂട്ടര്‍ പ്രചാരണം നടത്തുന്നത്. ജനങ്ങളെ രക്ഷിക്കാന്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഇടപെടല്‍ വേണമെന്നാണ് പ്രകടനക്കാരുടെ ആവശ്യം. വിചിത്രമായ ആവശ്യമാണിത്. ക്യൂബയുടെ യഥാര്‍ത്ഥ രക്തം സിരകളില്‍ ഒഴുകുന്ന ആരും തന്നെ ആഗ്രഹിക്കാത്ത കാര്യമാണത്. 1959ല്‍ ബാറ്റിസ്റ്റയെ അധികാരത്തില്‍ നിന്ന് ഇറക്കി കാസ്‌ട്രോയും ചെഗുവേരയും അധികാരം പിടിച്ച നാള്‍ മുതല്‍ ആ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങളിലൂടെ ശ്രമിച്ച ഏക രാജ്യം അമേരിക്കയാണ്. കോപ്പ അമേരിക്കന്‍ കപ്പ് നേടിയ മെസിക്കും ടീമിനും അര്‍ജന്റീനയില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത പതിനായിരങ്ങളെ ക്യൂബയിലെ പ്രക്ഷോഭമായി കുപ്രചരണം നടത്താനും വലതുപക്ഷ ശക്തികള്‍ ബോധപൂര്‍വ്വമാണ് ശ്രമിച്ചിരിക്കുന്നത്. അപകടകരമായ നീക്കങ്ങളാണിത്.
അമേരിക്കയുടെ 80 മൈല്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന ക്യൂബയെ കീഴടക്കാനും വരുതിയിലാക്കാനും ഫിദല്‍ കാസ്ട്രോയെ വധിക്കാന്‍ ചുരുട്ടില്‍ വരെ വിഷം കലര്‍ത്തിയ ദുഷ്ട ശക്തികളാണിവര്‍. ഫിദല്‍ കാസ്‌ട്രോ അധികാരമേറ്റതു മുതല്‍ അമേരിക്ക തുടരുന്ന സാമ്പത്തിക ഉപരോധം ഇന്നും ശക്തമായി തന്നെയാണ് തുടരുന്നത്. 28 തവണയാണ് യുഎന്‍ പൊതുസഭ ഈ മനുഷ്യത്വരഹിതമായ ഉപരോധം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത് എന്നതും നാം മറന്നു പോകരുത്. 28 തവണയും 184 രാജ്യമാണ് ക്യൂബയ്ക്ക് അനുകൂലമായി വോട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയും ഇസ്രയേലും മാത്രമാണ് എതിര്‍പക്ഷത്ത് നിലയുറപ്പിച്ചിരുന്നത്. സോവിയറ്റ് യൂണിയന്റെ പതനത്തോടെ ക്യൂബയുടെ തകര്‍ച്ചയും സ്വപ്നം കണ്ടിരുന്ന അമേരിക്കയും കൂട്ടരും പിന്നീട് കാസ്ട്രോ മരിച്ചപ്പോള്‍ ക്യൂബ തകരുമെന്ന് പ്രതീക്ഷയിലാണ് മുന്നോട്ട് പോയിരുന്നത്. ഏറ്റവും അവസാനം ഫിദലിന്റെ സഹോദരന്‍ റൗള്‍ കാസ്ട്രോ പ്രസിഡന്റ് സ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ടി സെക്രട്ടറി സ്ഥാനവും ഒഴിയുകയും വിപ്ലവാനന്തര തലമുറയുടെ പ്രതിനിധിയായ മിഗേല്‍ ദിയാസ് കനേല്‍ അധികാരമേല്‍ക്കുകയും ചെയ്തപ്പോള്‍ പഴയ മോഹം അമേരിക്കക്ക് വീണ്ടും ഉണ്ടായത് സ്വാഭാവികമാണ്.
എന്നാല്‍ അപ്പോഴും ഒന്നും സംഭവിച്ചില്ല. അവസാന ശ്രമമെന്ന നിലയിലാണ് ഇപ്പോള്‍ കോവിഡ് മഹാമാരി കാലത്തെ ക്യൂബയെ തകര്‍ക്കാനുള്ള സന്ദര്‍ഭമായി അമേരിക്കയും കമ്യൂണിസ്റ്റ് വിരുദ്ധരും തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യ കോവിഡ് തരംഗത്തെ വലിയ പരിക്കുകളില്ലാതെ അതിജീവിച്ച ക്യൂബ രണ്ടാംതരംഗത്തില്‍ അല്‍പ്പം ഉലഞ്ഞെങ്കിലും തീവ്രവ്യാപനം തടഞ്ഞുനിര്‍ത്താന്‍ ആ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍വിരുദ്ധ നീക്കം നടന്ന ജൂലൈ പതിനൊന്നിന് രാജ്യത്ത് 6,923 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. 47 മരണവും അന്നുണ്ടായി. ഇതു പറയുമ്പോള്‍ മറ്റൊരു കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്. അമേരിക്കന്‍ ഉപരോധം കാരണം വാക്സിനും മറ്റ് മരുന്നുകളും ഇറക്കുമതി ചെയ്യാന്‍ പോലും നിലവില്‍ ക്യൂബയ്ക്ക് കഴിയുന്നില്ല. ഇതുമൂലം സ്വയം നിര്‍മിച്ച സൊബെറാന, അബ്ദാല വാക്സിനുകളാണ് ക്യൂബ നല്‍കിവരുന്നത്. കോവിഡിനെതിരെ ക്യൂബ വികസിപ്പിച്ച വാക്‌സിനുകള്‍ നിലവില്‍ ഉപയോഗത്തില്‍ ഉള്ളവയേക്കാള്‍ ഫലപ്രദമെന്ന് വിവിധ പഠനങ്ങളിലും തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബയോഫാര്‍മ വികസിപ്പിച്ച ‘സൊബെറാന 2’ 91.2 ശതമാനം ഫലപ്രദമെന്നാണ് മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലില്‍ തെളിഞ്ഞിരിക്കുന്നത്. അബ്ദല വാക്‌സിന്‍ 92.8 ശതമാനം ഫലപ്രദമെന്നും വ്യക്തമായിട്ടുണ്ട്. കണ്‍ജുഗേറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ആദ്യ കോവിഡ് വാക്‌സിനുകളാണ് ഇവ. വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീന്‍ കൃത്രിമ പദാര്‍ഥവുമായി കൂട്ടിച്ചേര്‍ത്താണ് അബ്ദല വാക്‌സിന്‍ നിര്‍മിച്ചിരിക്കുന്നത്. ടെറ്റനസ് വാക്‌സിനുമായി ചേര്‍ത്താണ് സൊബെറാന തയ്യാറാക്കിയിരിക്കുന്നത്. ആഗസ്‌തോടെ രാജ്യത്തെ 70 ശതമാനം ആളുകള്‍ക്കും വര്‍ഷാന്ത്യത്തോട മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുകയാണ് ക്യൂബന്‍ സര്‍ക്കാറിന്റെ ലക്ഷ്യം. ക്യൂബയില്‍ നിന്നും ഇന്ത്യ, പാകിസ്ഥാന്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളും ആഫ്രിക്കന്‍ യൂണിയനും വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. സൊബെറാനയുടെ ഇറാനിലെ മൂന്നാം ഘട്ട പരീക്ഷണവും ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. വാക്‌സിന്‍ ഇറാനില്‍ നിര്‍മിക്കാനായുള്ള സാങ്കേതികവിദ്യയും ഉടന്‍ തന്നെ കൈമാറുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
കോവിഡ് രണ്ടാം തരംഗത്തെയും അതിജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തില്‍ ക്യൂബന്‍ സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും മുന്നോട്ട് പോകുന്ന ഈ ഘട്ടത്തിലാണ് സര്‍ക്കാര്‍വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ദുഷ്ട ശക്തികള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ വിരുദ്ധര്‍ ഉന്നയിക്കുന്ന ഭക്ഷ്യക്ഷാമത്തിനും മരുന്നുക്ഷാമത്തിനും വാക്സിന്‍ ക്ഷാമത്തിനും സര്‍ക്കാരിനെ കുറ്റം പറയാന്‍ എളുപ്പമാണ്. എന്നാല്‍ 60 വര്‍ഷത്തിലധികമായി തുടരുന്ന ഉപരോധമാണ് പ്രധാന വില്ലന്‍ എന്ന കാര്യമാണ് പ്രതിഷേധക്കാര്‍ സൗകര്യപൂര്‍വ്വം മറന്നിരിക്കുന്നത്. ഇറക്കുമതിയില്‍ 40 ശതമാനത്തിന്റെ കുറവാണ് ഉപരോധം മൂലം ക്യൂബക്ക് ഉണ്ടായിട്ടുള്ളത്. ഈ ക്ഷാമം പരിഹരിക്കണമെങ്കില്‍ അമേരിക്ക ഉപരോധം പിന്‍വലിച്ചേ മതിയാകൂ. അതിനായി സമ്മര്‍ദം ശക്തമാക്കാനാണ് യഥാര്‍ത്ഥത്തില്‍ പ്രതിഷേധം ഉയരേണ്ടിയിരുന്നത്. ദൗര്‍ഭാഗ്യവശാല്‍ അതുണ്ടായിട്ടില്ല.
റോബോട്ടിന്റെയും മറ്റും സഹായത്തോടെയാണ് ക്യൂബയിലെ കോവിഡ് അവസ്ഥയെക്കുറിച്ച് ആയിരക്കണക്കിന് ട്വീറ്റുകള്‍ സ്പെയിനില്‍ നിന്നും പിറന്നിരിക്കുന്നത്. നേരത്തെ ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലിസിനും, മെക്സിക്കന്‍ പ്രസിഡന്റ് ഒബ്രഡോര്‍ക്കുമെതിരെയും ഇതേ സംഘങ്ങള്‍ സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയിട്ടുണ്ട്. ക്യൂബയിലെ സ്ഥിതി മോശമാണെന്ന് പ്രചരിപ്പിച്ച് അമേരിക്കന്‍ സൈനിക ഇടപെടല്‍ ക്ഷണിച്ചുവരുത്തുകയാണ് ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നത്. ക്യൂബവിരുദ്ധ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായ മിയാമിയുടെ മേയര്‍ ഫ്രാന്‍സിസ് സുവാരസ് അമേരിക്കയോട് സൈനികമായി ഇടപെടാനാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്ളോറിഡയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി കോണ്‍ഗ്രസ് അംഗം ആന്റണി സബാട്ടിനി ക്യൂബന്‍ ജനതയോട് കലാപം നടത്താനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ക്യൂബയിലെ എല്ലാ സര്‍ക്കാര്‍ അധികാരികളെയും വധിക്കാനും ഈ ‘ഡ്രാക്കുള’ ആഹ്വാനം ചെയ്തിട്ടുണ്ട്.
വൈറ്റ് ഹൗസ് ഉടന്‍ ഇടപെടണമെന്നാണ് ഡെമോക്രാറ്റിക് അംഗം വല്‍ഡെമിങ് ആഹ്വാനം ചെയ്തിരിക്കുന്നത്. അമേരിക്കന്‍ സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് സെക്രട്ടറി ജൂലി ചൂങ് ക്യൂബയിലെ സര്‍ക്കാര്‍വിരുദ്ധ പ്രകടനത്തെ പിന്തുണച്ച് പരസ്യമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് അമേരിക്കന്‍ നേതൃത്വത്തിലാണ് ക്യൂബയിലും അട്ടിമറി ശ്രമത്തിന് നീക്കം നടത്തുന്നത് എന്നതു തന്നെയാണ്. ഇവരെല്ലാം ഒരു കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. 2004ല്‍ അമേരിക്ക സൈനികമായി ഇടപെട്ട ഹെയ്തിയില്‍ ഇപ്പോള്‍ പ്രസിഡന്റ് തന്നെയാണ് അവരുടെ പിന്തുണയോടെ വധിക്കപ്പെട്ടിരിക്കുന്നത്. അല്‍ ഖായ്ദയെയും താലിബാനെയും തോല്‍പ്പിക്കാനായി 20 വര്‍ഷമായി അഫ്ഗാനില്‍ യുദ്ധം നടത്തിയ അമേരിക്ക അതുപേക്ഷിച്ച് താലിബാന്റെ കൈകളിലേക്ക് ‘അധികാരം കൈമാറിയാണ് പിന്മാറിയിരിക്കുന്നത്. അമേരിക്കന്‍ ഇടപെടല്‍ എന്ന അസംബന്ധം കൊണ്ടൊന്നും ഒരു പ്രശ്നവും ലോകത്ത് പരിഹരിക്കപ്പെടുകയില്ല. ക്യൂബയുടെ ഭാഗധേയം നിര്‍ണയിക്കേണ്ടത് അവിടത്തെ ജനങ്ങളാണ്. അല്ലാതെ ലോക പൊലീസ് ചമയുന്ന അമേരിക്കയല്ല.
റഷ്യയും മെക്സിക്കോയും നിക്കരാഗ്വയും ബൊളീവിയയും ഈ പ്രതിസന്ധി ഘട്ടത്തിലും ക്യൂബയെ പിന്തുണയ്ക്കുന്നത് ശരിയായ നിലപാടാണ്. ആ നിലപാടിനൊപ്പമാണ് അമേരിക്കന്‍ സഖ്യകക്ഷികളും നില്‍ക്കേണ്ടത്. കാരണം ക്യൂബയുടെ സഹായ ഹസ്തം ഈ രാജ്യങ്ങളിലേക്കും പല തവണ നീണ്ടിട്ടുണ്ട്. അതിനാകട്ടെ ലോകം സാക്ഷിയുമാണ്. കോവിഡിന് മുന്നില്‍ അടിയറവ് പറഞ്ഞ ഇറ്റലിയിലെ ലൊംബാര്‍ഡിലേക്ക് നഴ്സുമാരും ഡോക്ടര്‍മാരും ഒക്കെ അടങ്ങുന്ന 52 അംഗ ക്യൂബന്‍ സംഘമാണ് കുതിച്ചെത്തിയത്. ആഫ്രിക്ക എബോള എന്ന മഹാരോഗത്തോട് മല്ലടിച്ചപ്പോഴും എന്തിനേറെ ഇപ്പോഴും ക്യൂബയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന അമേരിക്ക, കത്രീന ചുഴലിക്കാറ്റില്‍ ആടിയുലഞ്ഞപ്പോഴും ക്യൂബന്‍ സംഘമാണ് ഓടിയെത്തിയിട്ടുള്ളത്. ഹെയ്ത്തി ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ കോളറ തടഞ്ഞ് നിര്‍ത്താനും ക്യൂബയിലെ ഡോക്ടര്‍മാര്‍ വലിയ ശ്രമമാണ് നടത്തിയിരിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ അധിനിവേശ ശക്തിയായ ബ്രിട്ടന് പോലും സഹായ ഹസ്തമേകാന്‍ ക്യൂബ എന്ന കൊച്ചു രാജ്യമാണ് എത്തിയിട്ടുള്ളത്. അതും ഈ കോവിഡ് കാലത്ത് ലോകം കണ്ട വ്യത്യസ്ത കാഴ്ചയാണ്. മസ്തിഷ്‌കജ്വരം, ഹെപ്പറ്റൈറ്റിസ് ബി, ശ്വാസകോശാര്‍ബുദം തുടങ്ങിയവയ്ക്ക് നിരവധി പ്രതിരോധ മരുന്നുകള്‍ കയറ്റുമതി ചെയ്തതും ക്യൂബ എന്ന കുഞ്ഞന്‍ രാജ്യമാണ്. 1980 മുതല്‍, 40ല്‍ ഏറെ രാജ്യങ്ങള്‍ക്ക് കൈത്താങ്ങായി ക്യൂബ മാറിയെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ക്യൂബന്‍ മണ്ണിന്റെ വിപ്ലവ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയാണ് ആ രാജ്യത്തെ സുദ്യഢമായ ആരോഗ്യരംഗം. ഇക്കാര്യത്തില്‍ മുതലാളിത്വ രാജ്യങ്ങള്‍ക്ക് പോലും മറിച്ചൊരു അഭിപ്രായമുണ്ടാകാന്‍ സാധ്യതയില്ല. ആരോഗ്യ രംഗത്ത് ക്യൂബ നേടിയ വളര്‍ച്ചയുടെ പൂര്‍ണ്ണ ക്രെഡിറ്റും കോമ്രേഡ് ഫിദല്‍ കാസ്ട്രോക്ക് അവകാശപ്പെട്ടതാണ്. ചെഗുവേരയുടെ സ്വപ്നമാണ് കാസ്‌ട്രോ ശാശ്വതമാക്കിയിരിക്കുന്നത്. ക്യൂബയില്‍ 150 ആളുകള്‍ക്ക് ഒരു ഡോക്ടറാണ് നിലവിലുള്ളത്. ഫിദല്‍ കാസ്‌ട്രോ അധികാരമേറ്റ ഉടനെ തന്നെ സര്‍ക്കാരിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നായി പ്രഖ്യാപിച്ചത് ആരോഗ്യരംഗത്ത് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പരിശീലിപ്പിച്ചെടുക്കുക എന്നതായിരുന്നു.
മികച്ച ആരോഗ്യം, പൗരന്മാരുടെ മൗലിക അവകാശമായി പ്രഖ്യാപിക്കുക മാത്രമല്ല അത് നടപ്പാക്കുകയും ചെയ്ത രാജ്യമാണ് ക്യൂബ. സാധാരണ ചെക്ക് അപ്പ് മുതല്‍ സര്‍ജറികള്‍ വരെ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്ന പദ്ധതിയുമായാണ് ക്യൂബന്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഈ സര്‍ക്കാറിനെയാണ് കോവിഡ് പ്രതിസന്ധി മുതലാക്കി അട്ടിമറിക്കാന്‍ അമേരിക്ക ഇപ്പോള്‍ ശ്രമിക്കുന്നത്. ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും ഈ രാഷ്ട്രീയം തിരിച്ചറിഞ്ഞ് അതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ ക്യൂബന്‍ ജനത ഒറ്റക്കെട്ടായി മുന്നോട്ട് വരണം. ചെഗുവേരയും കാസ്‌ട്രോയും പൊരുതി നേടി തന്ന സ്വാതന്ത്ര്യം സാമ്രാജ്യത്വ കഴുകനു മുന്നില്‍ അടിയറവ് വയ്ക്കാന്‍ ആഗ്രഹിക്കുന്നവരെയാണ് ആദ്യം ചവിട്ടി പുറത്താക്കേണ്ടത്. ആ ദൗത്യം വിപ്ലവ ക്യൂബ നിര്‍വ്വഹിക്കുമെന്ന് തന്നെയാണ് ലോകത്തെ പൊരുതുന്ന മനസ്സുകളും ഇപ്പോള്‍ ആഗ്രഹിക്കുന്നത്.