പുതിയ ആണവനയം പുറത്തിറക്കി ട്രംപ് സര്‍ക്കാര്‍, ആണവശേഖരം വര്‍ധിപ്പിക്കും

donald trump

വാഷിങ്ടണ്‍: യുഎസിന്റെ പുതിയ ആണവനയം പെന്റഗണ്‍ പുറത്തിറക്കി. ആയുധശേഖരത്തില്‍ ആണവായുധങ്ങളുടെ വലുപ്പം കുറച്ചു കൊണ്ടുവരുമെന്ന ഒബാമ സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായാണ് ട്രംപ് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയനയം. 2010-നുശേഷം ആദ്യമായാണ് ആണവനയത്തില്‍ പ്രകടമായ മാറ്റംവരുന്നത്.

രണ്ടിനം ആണാവയുധങ്ങള്‍ പുതുതായിനിര്‍മിക്കാനുള്ള തീരുമാനമാണ് ഇതില്‍ പ്രധാനം. 20 കിലോടണ്‍സിന് താഴെ പ്രഹരശേഷിയുള്ള ചെറു ആണവബോംബുകളാണ് ഇതിലൊന്ന്. അന്തര്‍വാഹിനികളില്‍നിന്ന് തൊടുത്തുവിടാന്‍ കഴിയുന്നവയാണിവ. കുറഞ്ഞ പ്രഹരശേഷി എന്നുപറയുമ്പോഴും ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിച്ച ബോംബുകളുണ്ടാക്കിയ നാശനഷ്ടങ്ങള്‍ ഇവയ്ക്കുണ്ടാക്കാനാവും.

പ്രധാനമായും റഷ്യയില്‍നിന്നുള്ള ആണവഭീഷണിയെ നേരിടാനാണ് നയത്തില്‍ മാറ്റംവരുത്തുന്നതെന്ന് പെന്റഗണ്‍ വ്യക്തമാക്കുന്നുണ്ട്. മറ്റൊരിക്കലും ഉണ്ടാകാത്ത ആണവഭീഷണിയാണ് യു.എസ്. ഇപ്പോള്‍ നേരിടുന്നത്. അണ്വായുധശേഷിയുടെ കാര്യത്തില്‍ ശത്രുക്കളുടെ ഭാഗത്തുണ്ടായ വികസനവും വിന്യാസവും കണക്കിലെടുത്താണിതെന്നും നയത്തില്‍ പറയുന്നു.

ലോകം എങ്ങനെയായിരിക്കണമെന്ന നമ്മുടെ ആഗ്രഹത്തെ അടിസ്ഥാനപ്പെടുത്തിയല്ല, മറിച്ച് നിലവിലെ ലോകം യഥാര്‍ഥത്തില്‍ എങ്ങനെയാണെന്നതിനെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള നയമാണിതെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറഞ്ഞു.

റഷ്യ, ഉത്തരകൊറിയ, ചൈന എന്നീ രാജ്യങ്ങളില്‍നിന്ന് ആണവഭീഷണി വര്‍ധിച്ച സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ രാജ്യങ്ങളെല്ലാം ഒബാമയുടെ നയം പിന്തുടരുന്നതിനുപകരം അവരവരുടെ ആണവശേഷി വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്നും പെന്റഗണ്‍ ചൂണ്ടിക്കാട്ടി.

Top