വാഷിംഗ്ടണ്‍: ഐ.ടി രംഗത്ത് അടക്കം അതിവിദഗ്ധമേഖലകളിലെ പ്രഫഷണലുകള്‍ക്ക് അമേരിക്ക അനുവദിക്കുന്ന എച്ച് വണ്‍ ബി വീസയ്ക്കുള്ള നിയന്ത്രണ ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉടന്‍ ഒപ്പുവച്ചേക്കും.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈഡറാണ് ഇക്കാര്യം അറിയിച്ചത്. ഈ വീസ നിയമം റദ്ദാക്കപ്പെടുന്നതു വഴി നിലവില്‍ ഇന്ത്യക്കാരടക്കമുള്ള നിരവധി പേര്‍ക്ക് ജോലി നഷ്ടമാകും.
കുടിയേറ്റ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് എച്ച് 1 ബി വീസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണകാലത്തു താന്‍ നേരില്‍ കണ്ടു സംസാരിച്ച എല്ലാ തദ്ദേശീയ തൊഴിലാളികളും എച്ച് 1 ബി വീ്‌സ സൃഷ്ടിക്കുന്ന തൊഴില്‍ നഷ്ടത്തെ കുറിച്ച് പരാതിപ്പെട്ടെന്നും ഇതു തുടരാന്‍ അനുവദിക്കില്ലെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ വിദേശികള്‍ക്ക് അമേരിക്ക നല്‍കുന്ന താത്കാലിക വീസയാണ് എച്ച് 1 ബി. ബിരുദമെങ്കിലും ഉള്ളവരെയാണ് ഇതിനു പരിഗണിക്കുക. നിയമപ്രകാരം 65,000 എച്ച് 1 ബി വീസയേ ഒരു വര്‍ഷം അനുവദിക്കാവൂ. എന്നാല്‍ നിയമത്തിലെ ഇളവുകള്‍ ഉപയോഗിച്ച് 1.3 ലക്ഷത്തിലേറെ വീസകള്‍ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികള്‍ അമേരിക്കയില്‍ എച്ച് 1 ബി വീസ ഉപയോഗിച്ചാണ് ജോലിക്കാരെ എത്തിക്കുന്നത്. പ്രമുഖ അമേരിക്കന്‍ കമ്പനിയായ ഡിസ്‌നി വേള്‍ഡ് അടക്കം നൂറുകണക്കിനു കമ്പനികളാണ് ഈ വീസ നിയമപ്രകാരം അമേരിക്കക്കാര്‍ക്കു പകരം ഇന്ത്യക്കാരടക്കമുള്ള വിദേശികളെ കുറഞ്ഞ ശമ്പളത്തിനു ജോലിക്കെടുക്കുന്നത്.