സൗദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് യു.എസ്

സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് യുഎസ്. യമനിലെ ഹൂത്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി എതിര്‍ക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്നത് തുടരുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. എന്നാല്‍ യെമനില്‍ മാനുഷിക ദുരന്തം ഒഴിവാക്കാന്‍ രാഷ്ട്രീയ പ്രശ്‌ന പരിഹാരം ആവശ്യമാണെന്നും ആന്റണി ബിങ്കന്‍ വ്യക്തമാക്കി.

യമന്‍ യുദ്ധം അവസാനിപ്പിക്കാതെ രാജ്യം അകപ്പെട്ട മാനുഷിക ദുരന്തത്തിന് അറുതിയാകില്ലെന്ന ഉറച്ച നിലപാടിലാണ് ബൈഡന്‍ ഭരണകൂടം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സൗദി അറേബ്യയുമായും മറ്റും അമേരിക്ക ചര്‍ച്ച നടത്തിയിരുന്നു. സൗദി ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും സുരക്ഷക്ക് ആവശ്യമുള്ള എല്ലാ പിന്തുണയും സൈനിക സഹായവും ഉറപ്പാക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

യെമനില്‍ സമാധാനം തിരികെ കൊണ്ടുവരാനുള്ള തിരക്കിട്ട നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഹൂത്തി വിഭാഗത്തെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ നടപടി ഫെബ്രുവരി 16 ചൊവ്വാഴ്ച പിന്‍വലിക്കുമെന്ന് ആന്റണി ബ്ലിങ്കന്‍ അറിയിച്ചു. യെമന്‍ വിഷയത്തില്‍ എല്ലാ കക്ഷികളും സ്ഥായിയായ രാഷ്ട്രീയ പ്രശ്‌ന പരിഹാരത്തിന് തയാറാകണം. അല്ലാത്തപക്ഷം യമന്‍ ജനത വലിയ ദുരന്തത്തിലേക്കാകും നടന്നു നീങ്ങുകയെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.

Top