റിയാദ് : ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ ആയുധങ്ങളും സൈനികരെയും അയക്കുമെന്ന പ്രഖ്യാപനവുമായി അമേരിക്ക. സൗദിയിലെ പൊതുമേഖല എണ്ണകമ്പനിയായ അരാംകോയിലുണ്ടായ ഹൂതികളുടെ ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഈ തീരുമാനം.
സൗദിയില്‍ വ്യോമ പ്രതിരോധമൊരുക്കിയ അമേരിക്കയ്ക്ക് ഹൂതികളുടെ ആക്രമണം തിരിച്ചടിയായിരുന്നു. സൗദി അറേബ്യയ്ക്കും മറ്റ് സഖ്യകക്ഷികള്‍ക്കുമുള്ള വ്യോമ പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പെന്റഗണ്‍ വ്യക്തമാക്കി. ഇതോടെ യുദ്ധ നിഴലിലായ ഗള്‍ഫ് മേഖല കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്.
അരാംകോയില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് സൗദി എണ്ണ ഉല്‍പ്പാദനം ഗണ്യമായി വെട്ടിക്കുറച്ചത് ആഗോള സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു. അതേസമയം ഹൂതികളുടെ ആക്രമണത്തിന്റെ പ്രേരകശക്തി ഇറാനാണെന്ന ആരോപണവുമായി അമേരിക്ക രംഗത്തെത്തിയിരുന്നു.