യുഎസുമായി വ്യാപാര കരാറിന് ഇന്ത്യ ആഗ്രഹം പ്രകടിപ്പിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംങ്ടണ്‍: യുഎസുമായി വ്യാപാര കരാറിന് ഇന്ത്യ ആഗ്രഹം പ്രകടിപ്പിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാര കരാറിന് താല്‍പര്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ പ്രതിനിധി കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചുവെന്നും ട്രംപ് വ്യക്തമാക്കി. എന്നാല്‍ ആരാണ് വിളിച്ചു സംസാരിച്ചതെന്ന് ട്രംപ് വെളിപ്പെടുത്തിയിട്ടില്ല. സൗത്ത് ഡെക്കോഡയില്‍ നടന്ന സംയുക്ത ധനസമാഹരണ കമ്മിറ്റി യോഗത്തിലായിരുന്നു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

മുന്‍പുള്ള സര്‍ക്കാരുകളുമായി വ്യാപാര കരാറിന് ഇന്ത്യ താല്‍പര്യം കാട്ടിയിരുന്നില്ല. അപ്പോഴത്തെ വ്യാപാര സാഹചര്യങ്ങളില്‍ ഇന്ത്യ സന്തുഷ്ടരായിരുന്നു. വിദേശ നേതാക്കള്‍ കൂടിക്കാഴ്ചയ്ക്കു വരുമ്പോള്‍ , അത് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയായാലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നാലും അവരെല്ലാമായി സൗഹൃദം സ്ഥാപിച്ചിട്ടുണ്ട്. ചില വിദേശ രാജ്യങ്ങള്‍ വര്‍ഷങ്ങളായി യുഎസിനെ മുതലെടുത്തു കൊണ്ടിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.

അതേ സമയം, തനിക്ക് അവരുമായി സൗഹൃദമുണ്ടെന്നും, തന്നെ അവര്‍ ബഹുമാനിക്കുകയും, യുഎസിനെ ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് പ്രസിഡന്റ് സൂചിപ്പിച്ചു. ജിഡിപി പരിതാപകരമായ അവസ്ഥയിലായിരുന്നുവെന്നും, ഇപ്പോള്‍ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നതെന്നും, എന്നാല്‍ യഥാര്‍ത്ഥ അത്ഭുതം കണ്ടുതുടങ്ങിയിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഇന്ത്യയ്ക്കും ചൈനയ്ക്കും മികച്ച വളര്‍ച്ച കൈവരിക്കാമെങ്കില്‍ യു എസിനും നേട്ടം കൈവരിക്കാമെന്നും, മറ്റേത് രാജ്യത്തിനേക്കാളും കരുത്ത് യുഎസിനുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു.

Top