ഇറാന്‍ അക്രമണത്തില്‍ യുഎസ് സൈനികര്‍ക്ക് പരുക്കേറ്റു; പെന്റഗണ്‍ പറഞ്ഞത് നുണ!

ഴിഞ്ഞ ആഴ്ച ഇറാഖിലെ അല്‍ അസദ് എയര്‍ബേസില്‍ ഇറാന്‍ നടത്തിയ മിസൈല്‍ അക്രമണത്തില്‍ നിരവധി യുഎസ് സൈനികര്‍ക്ക് പരുക്കേറ്റിരുന്നതായി യുഎസ് സഖ്യസേനയുടെ വാര്‍ത്താക്കുറിപ്പ്. ആര്‍ക്കും പരുക്കേറ്റില്ലെന്നാണ് പെന്റഗണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. ‘ജനുവരി 8ന് അല്‍ അസദ് എയര്‍ ബേസിലുണ്ടായിരുന്ന യുഎസ് സര്‍വ്വീസ് അംഗങ്ങള്‍ ആരും കൊല്ലപ്പെട്ടിരുന്നില്ലെങ്കിലും സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു’, സഖ്യസേന വ്യക്തമാക്കി.

അല്‍ അസദ് എയര്‍ ബേസില്‍ വെച്ച് പരുക്കേറ്റ സൈനിക അംഗങ്ങളെ ജര്‍മ്മനിയിലെ ലാന്‍ഡ്സ്റ്റുള്‍ റീജ്യണല്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഡ്യൂട്ടിയില്‍ തിരികെ പ്രവേശിക്കാന്‍ യോഗ്യത നേടുന്ന ഘട്ടത്തില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഇവരെ ഇറാഖിലേക്ക് തിരികെ എത്തിക്കും, വാര്‍ത്താക്കുറിപ്പ് കൂട്ടിച്ചേര്‍ത്തു. ഇറാനിയന്‍ ജനറല്‍ ഖാസെം സുലൈമാനി കൊല്ലപ്പെട്ട യുഎസ് അക്രമത്തിന് പകരംവീട്ടാനായി ഇറാന്‍ മിസൈലുകള്‍ സൈനിക കേന്ദ്രത്തില്‍ പതിച്ചപ്പോള്‍ 11 സൈനികര്‍ക്കാണ് പരുക്കേറ്റതെന്ന് യുഎസ് മിലിറ്ററിയെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്‍ 16 മിസൈലുകള്‍ സൈനിക കേന്ദ്രത്തില്‍ പതിച്ചെങ്കിലും ആര്‍ക്കും പരുക്കേറ്റില്ലെന്നാണ് അക്രമത്തിന് പിന്നാലെ പെന്റഗണ്‍ പ്രതികരിച്ചത്. എന്നാല്‍ ഇതില്‍ അവിചാരിതമായി ഒന്നുമില്ലെന്നാണ് ഡിഫന്‍സ് വക്താക്കളുടെ വിശദീകരണം. തല്‍സമയത്ത് കമ്മാന്‍ഡര്‍ നല്‍കിയ വിവരമാണ് ഇത്. ഇതിന് ശേഷം സ്ഥിതിഗതികള്‍ പഠിച്ചാണ് കൃത്യമായ റിപ്പോര്‍ട്ട് നല്‍കുക.

മിഡില്‍ ഈസ്റ്റില്‍ സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യുഎസ് സെന്‍ഡ്രല്‍ കമ്മാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ബില്‍ അര്‍ബനും 11 സൈനികര്‍ക്ക് പരുക്കേറ്റ വാര്‍ത്ത സ്ഥിരീകരിച്ചു. ഇവരില്‍ എട്ട് പേരെയാണ് ജര്‍മ്മനിയില്‍ ചികിത്സയ്ക്കായി അയച്ചത്. മൂന്ന് പേരെ കുവൈത്ത് ക്യാംപിലേക്ക് അയച്ചു.

Top