ന്യൂഡല്‍ഹി: ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമയുടെ അമേരിക്കന്‍ സര്‍വ്വകലാശാല സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനവുമായി ചൈന രംഗത്ത്.
ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസിലൂടെയാണ് ചൈന ഇന്ത്യക്കെതിരെ ആഞ്ഞടിച്ചത്.
ഏതാനും വര്‍ഷങ്ങളായി ദലൈ ലാമയ്ക്ക് സഹായങ്ങളും പ്രോത്സാഹനങ്ങളും നല്‍കുന്നത് ഇന്ത്യയാണെന്നും ലാമയെ ഉപയോഗിച്ച് ചൈനയുടെ ആഭ്യന്തര വിഷയങ്ങളില്‍ തലയിടാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.
അമേരിക്കയിലെ കാലിഫോര്‍ണിയ സാന്‍ ഡിയാഗോ യൂണിവേഴ്‌സിറ്റിയിലാണ് ജൂണില്‍ ദലൈ ലാമ സന്ദര്‍ശനം നടത്താനൊരുങ്ങുന്നത്. സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന്, ഇന്ത്യക്കാരനായ ചാന്‍സിലര്‍ പ്രദീപ് ഖോസ്‌ലയുടെ ക്ഷണപ്രകാരമാണ് ദലൈ ലാമ പോകുന്നത്.
ചൈന-ഇന്ത്യ, ചൈന-അമേരിക്ക ബന്ധങ്ങള്‍ വഷളാക്കാനാണ് പ്രദീപ് ഖോസ്‌ല ശ്രമിക്കുന്നതെന്ന് ഗ്ലോബല്‍ ടൈംസ് വിമര്‍ശിക്കുന്നു.
ടിബറ്റിന്റെ ആത്മീയ നേതാവായ ദലൈ ലാമയെ ചൈനീസ് വിഘടനവാദിയായാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ചൈനീസ് സര്‍ക്കാര്‍ കരുതുന്നത്.
ഇന്ത്യയില്‍ അഭയം തേടിയിരിക്കുന്ന ദലൈ ലാമയെ ആട്ടിന്‍തോലിട്ട ചെന്നായ എന്നാണ് ചൈന വിശേഷിപ്പിക്കുന്നത്.