ചട്ടലംഘനം നടത്തി എഫ്-16 ഉപയോഗിച്ചു; പാകിസ്താനോട് റിപ്പോര്‍ട്ട് തേടുമെന്ന് അമേരിക്ക

വാഷിങ്ടണ്‍: ചട്ടലംഘനം നടത്തി അമേരിക്കന്‍ നിര്‍മിത എഫ്.16 വിമാനം പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരേ ദുരുപയോഗം ചെയ്ത സംഭവത്തെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്ക.

ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്റെ എഫ്. 16 വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെന്ന് ഇന്ത്യ തെളിവുസഹിതം വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്കയുടെ നടപടി. പാക്കിസ്ഥാനുമായുള്ള ആയുധകരാര്‍ അനുസരിച്ച് എഫ്.16 വിമാനം ഇന്ത്യക്കെതിരേ ഉപയോഗിച്ചത് കരാര്‍ വ്യവസ്ഥകളുടെ ലംഘനമാണെന്നും ഇക്കാര്യത്തില്‍ പാക്കിസ്ഥാനില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും അമേരിക്കന്‍ പ്രതിരോധ വക്താവ് കോണ്‍ ഫോക്ക്‌നര്‍ പി.ടി.ഐയോട് പറഞ്ഞു. രഹസ്യസ്വഭാവമുള്ളതിനാല്‍ വിദേശ ആയുധവില്പന കരാറിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ വ്യോമസേന എഫ്.16 വിമാനം ഉപയോഗിച്ചാണ് പാക്കിസ്ഥാന്‍ അതിര്‍ത്തി മറികടക്കാന്‍ ശ്രമിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിനുതെളിവായി ആംറാം മിസൈലിന്റെ ഭാഗങ്ങളും വ്യോമസേന പുറത്തുവിട്ടു. എഫ്.16 വിമാനങ്ങളില്‍നിന്ന് മാത്രം തൊടുക്കാവുന്ന മിസൈലാണ് ആംറാം.

എന്നാല്‍ ഇന്ത്യക്കെതിരേ എഫ്. 16 വിമാനം ഉപയോഗിച്ചിട്ടില്ലെന്നും ഇന്ത്യയുടെ ആരോപണം തെറ്റാണെന്നുമുള്ള വാദവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തിയിട്ടുണ്ട്. പക്ഷേ, തെളിവുസഹിതം ഇന്ത്യന്‍ വ്യോമസേന രംഗത്തെത്തിയതോടെ പാക്കിസ്ഥാന്‍ പ്രതിരോധത്തിലാവുകയും അമേരിക്ക വിഷയത്തില്‍ നടപടി എടുക്കുകയുമായിരുന്നു

Top