പാകിസ്ഥാന് വ്യോമപാതയില്‍ വിമാനങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ഈ വഴി ഒഴിവാക്കാന്‍ അമേരിക്ക മുന്നറിയിപ്പ് നല്‍കി. യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് പാകിസ്ഥാനി തീവ്രവാദികളും, തീവ്രവാദ സംഘങ്ങളും കൊമേഴ്‌സ്യല്‍, ദേശീയ വിമാന കമ്പനികളെ ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ് നല്‍കിയത്.
പാകിസ്ഥാന്‍ വ്യോമമേഖലയിലേക്ക് പറക്കുകയോ, പുറത്തേക്ക് പോകുകയോ, ഇതിനകത്ത് നില്‍ക്കുകയോ, ഇതിന്റെ അതിര്‍ത്തിയിലൂടെയോ സഞ്ചരിക്കുന്ന കൊമേഴ്‌സ്യല്‍, ദേശീയ വിമാന കമ്പനികള്‍ ജാഗ്രത പാലിക്കണമെന്ന് എഫ്എഎ വ്യക്തമാക്കി. പാകിസ്ഥാനിലെ തീവ്രവാദി സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് ഇതിന് കാരണം. നോട്ടാം എല്ലാ യുഎസ് വിമാന കമ്പനികള്‍ക്കും, യുഎസ് ആസ്ഥാനമായുള്ള പൈലറ്റുമാര്‍ക്കും ബാധകമാണ്.
പാകിസ്ഥാനിലെ എയര്‍പോര്‍ട്ടുകളിലും, ആ മേഖലയില്‍ സഞ്ചരിക്കുമ്പോഴും യുഎസ് സിവില്‍ ഏവിയേഷന്‍ മേഖലയ്ക്ക് ഭീഷണിയുള്ളതായി നോട്ടാമില്‍ യുഎസ് റെഗുലേറ്റര്‍ കൂട്ടിച്ചേര്‍ത്തു. പ്രത്യേകിച്ച് വിമാനങ്ങള്‍ വിമാനത്താവളത്തില്‍ ഇറങ്ങുകയും, പറന്നുയരാന്‍ തയ്യാറെടുക്കുന്ന ഘട്ടത്തിലും, താഴ്ന്ന് പറക്കുകയും ചെയ്യുമ്പോഴാണ് അതിക്രമങ്ങള്‍ ഏറെ സാധ്യതയെന്ന് എഫ്എഎ വ്യക്തമാക്കി.
പാകിസ്ഥാനില്‍ നിന്നും പ്രവര്‍ത്തിക്കുന്ന തീവ്രവാദി, ഭീകരസംഘങ്ങള്‍ യുഎസ് വ്യോമയാന പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയായി മാറുകയാണ്. എയര്‍പോര്‍ട്ടുകളിലും, വിമാനങ്ങള്‍ക്കും നേരെ ആയുധപ്രയോഗങ്ങള്‍ നേരിടാം, ഇതിന് മുന്നറിയിപ്പ് അസാധ്യാമകും, എഫ്എഎ കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനിലെ ചിലരുടെ കൈയില്‍ മാന്‍പാഡുകള്‍ എത്തിപ്പെട്ടതായും, ഇതുപയോഗിച്ച് അക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും എഫ്എഎ കൂട്ടിച്ചേര്‍ത്തു.