ഇസ്രയേല്‍ പലസ്തീന്‍ പ്രതിസന്ധിയില്‍ ഇടപെടരുതെന്ന് ഇറാന് മുന്നറിയിപ്പുമായി യുഎസ്

വാഷിങ്ടണ്‍: ഇസ്രയേല്‍ പലസ്തീന്‍ പ്രതിസന്ധിയില്‍ ഇടപെടരുതെന്ന് ഇറാന് മുന്നറിയിപ്പുമായി യുഎസ്. പ്രശ്‌നം വിശാലമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിന് മുതിരരുതെന്നും യുഎസ് ജനറല്‍ മുന്നറിയിപ്പുനല്‍കി. ലെബനന്‍ സായുധ സംഘമായ ഹിസ്ബുള്ള വടക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെ ആയിരുന്നു യുഎസ് ജനറലിന്റെ പ്രസ്താവന. ഹമാസിന്റെ ഇസ്രയേലിലെ ആക്രമണങ്ങളില്‍ ഇറാന്റെ നേരിട്ടുള്ള പങ്ക് വ്യക്തമാക്കുന്ന ഇന്റലിജന്‍സ് വിവരങ്ങളോ മറ്റ് തെളിവുകളോ അമേരിക്കയുടെ പക്കലില്ലെങ്കിലും, ഇറാന് ഇതില്‍ പങ്കാളിത്തമുണ്ടെന്ന് വൈറ്റ് ഹൗസ് നേരത്തെ പറഞ്ഞിരുന്നു .

ഹമാസ് -ഇസ്രയേല്‍ പ്രശ്‌നത്തില്‍ ഇറാനുവേണ്ടി നല്‍കാന്‍ ഉദ്ദേശിക്കുന്ന സന്ദേശം എന്താണെന്ന ചോദ്യത്തിനായിരുന്നു ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിന്റെ ചെയര്‍മാന്‍ ജനറല്‍ ചാള്‍സ് ക്യു ബ്രൌണിന്റെ മുന്നറിയിപ്പ സന്ദേശം. ‘ഇതില്‍ ഇടപെടരുത്, സന്ദേശം നല്‍കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പ്രശ്‌നം വലുതാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇറാന് കൃത്യമായി മനസിലാകുന്ന രീതിയിലാണ് പറയുന്നതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ബ്രൌണ്‍ പ്രതികരിച്ചതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിന് യുദ്ധോപകരണങ്ങളും മറ്റ് സുരക്ഷാ സഹായങ്ങളും നല്‍കിവരുന്നുണ്ട്. ഇത് ഇസ്രയേലിന് ശക്തമായ പിന്തുണ നല്‍കുന്നുവെന്ന സന്ദേശം തന്നെയാണ് നല്‍കുന്നത്. എന്നാല്‍ പ്രശ്‌നം വിശാലമാകുന്നത് തടയാനുള്ള ശക്തമായ സന്ദേശം നല്‍കുകയാണ് ഉദ്ദേശിക്കുന്നത്.

Top