സോള്‍: ഉത്തരകൊറിയ ആണവായുധം പ്രയോഗിക്കുകയാണെങ്കില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് യുഎസ്.
ഞങ്ങള്‍ക്കു നേരെയോ ഞങ്ങളുടെ സഖ്യകക്ഷികള്‍ക്കു നേരെയോ ഏതെങ്കിലും രീതിയിലുള്ള ആക്രമണം ഉണ്ടാവുകയാണെങ്കില്‍ അതിനെ പരാജയപ്പെടുത്തുമെന്നും അതിന് ശക്തവും ഏറ്റവും അനുയോജ്യവുമായ മറുപടി നല്‍കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാട്ടിസ് പറഞ്ഞു.
യുഎസിന്റെ അടുത്ത സുഹൃത്തുക്കളിലൊന്നായ ദക്ഷിണ കൊറിയയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം.
ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളിയാണ് ആണവശക്തിയായ ഉത്തരകൊറിയ.
അവര്‍ തുടര്‍ച്ചയായി മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ്. ആണവായുധങ്ങള്‍ നിര്‍മിക്കുകയും മേഖലയില്‍ ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും മാട്ടിസ് കുറ്റപ്പെടുത്തി.
ഉത്തരകൊറിയ പുതിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനു തയാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് യുഎസിന്റെ പ്രതികരണം.
മിസൈല്‍ പരീക്ഷണം നടത്തിയ ഇറാനും കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു.