വാഷിംങ്ടണ്‍: മ്യാന്മറിൽ തടങ്കലിലായ പ്രധാന മന്ത്രി ഓംഗ് സാന്‍ സുചിയെയും പ്രസിഡന്റ് വിന് മിന്‍ടിനെയും ഉടൻ വിട്ടയച്ചില്ലെങ്കിൽ സൈന്യം കനത്ത തിരിച്ചടി നേരിടുമെന്ന് യുഎസ്. മ്യാൻമറിൽ ജനാധിപത്യ മാനദണ്ഡങ്ങളും നിയമവാഴ്ചയും പാലിക്കപ്പെടണമെന്നും തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാനുള്ള ഒരു നീക്കത്തെയും യുഎസ് പിന്തുണയ്ക്കില്ലെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.
ഞായറാഴ്ച രാത്രിയിലാണ് ഓംഗ് സാന്‍ സുചിയും പ്രസിഡന്റ് വിന് മിന്‍ടും അറസ്റ്റിലായത്. ഭരണകക്ഷിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എന്‍എല്‍ഡി)യുടെ നേതാക്കളെയും സൈന്യം തടവിലാക്കിയിരുന്നു. രാജ്യത്ത് ഔദ്യോഗിക റേഡിയോ പ്രക്ഷേപണം നിര്‍ത്തി വച്ചു.
നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ എൻഎൽഡി വൻ വിജയം നേടിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ അട്ടിമറിയെന്നാണ് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ ആരോപണം. സൈനിക നടപടികളോട് ജനങ്ങൾ വൈകാരികമായി പ്രതികരിക്കരുതെന്ന് എൻഎൽഡി വക്താവ് മയോ ന്യൂന്ത് പറഞ്ഞു.