പാക്കിസ്ഥാൻ ഇനി സാഹസം കാട്ടിയാൽ ഇന്ത്യൻ തിരിച്ചടിയും ഭീകരമായിരിക്കും !

പാക്കിസ്ഥാന്‍, ഭീകരരെ ഉപയോഗിച്ച് ഇന്ത്യയില്‍ സാഹസത്തിന് മുതിര്‍ന്നാല്‍ ഫലവും ഭീകരമായിരിക്കുമെന്ന് അമേരിക്ക. ഇതു സംബന്ധമായ മുന്നറിയിപ്പ് അവര്‍ ഇതിനകം തന്നെ പാക്കിസ്ഥാന് നല്‍കി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ ഹൈക്കമീഷണറെ പുറത്താക്കുകയും ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാന്‍ അവരുടെ ഹൈക്കമീഷണറെ തിരികെ വിളിച്ചതും ഗൗരവമായാണ് അമേരിക്ക വീക്ഷിക്കുന്നത്. പുല്‍വാമ ആവര്‍ത്തിക്കുമെന്ന ഇമ്രാന്‍ഖാന്റെ പ്രസ്താവനയും സ്ഥിതി ഏറെ വഷളാക്കിയിട്ടുണ്ട്. ഏത് തരം പാക്ക് പ്രകോപനത്തെയും തീവ്രമായ രീതിയിലാകും ഇന്ത്യ നേരിടുക എന്നാണ് അമേരിക്ക വിലയിരുത്തുന്നത്.

ഒരാക്രമണം ഇനി ഇന്ത്യയില്‍ നടത്തിയാല്‍ പാക്ക് അധീന കശ്മീര്‍ ഇന്ത്യ പിടിച്ചെടുക്കുന്നതിലേക്ക് സംഘര്‍ഷം വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യയും പാക്കിസ്ഥാനും ആണവ രാഷ്ട്രങ്ങള്‍ ആണെങ്കിലും പാക്കിസ്ഥാന്‍ ചിന്തിക്കുന്നതിന് മുന്‍പ് ഇന്ത്യ അത് പ്രയോഗിക്കുമെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കരുതുന്നത്.

ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ല ആണവായുധമെന്ന പ്രധാനമന്ത്രി മോദിയുടെ മുന്‍ പ്രസ്താവന തന്നെ ഇന്ത്യ ഏത് മാര്‍ഗ്ഗവും സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്നതാണ്. പഴയ ഇന്ത്യയല്ല, പുതിയ ഇന്ത്യയെന്ന വ്യക്തമായ സന്ദേശമാണ് പാക്കിസ്ഥാന് മോദി നല്‍കിയിരുന്നത്. പാക്കിസ്ഥാന്റെ ഭീഷണിയില്‍ ഭയപ്പെടുന്ന നയം ഇന്ത്യ അവസാനിപ്പിച്ചുവെന്നും പ്രധാനമന്ത്രി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്ക്കിപ്പോഴുള്ള വലിയ പിന്തുണ കേന്ദ്ര സര്‍ക്കാറിനെ സംബന്ധിച്ച് നിലവില്‍ ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ്. അമേരിക്കയെ മാറ്റി നിര്‍ത്തിയാലും റഷ്യ, ഇസ്രയേല്‍, ഫ്രാന്‍സ്, ജപ്പാന്‍, ബ്രിട്ടണ്‍ തുടങ്ങിയ ശക്തികള്‍ ഇന്ത്യക്കൊപ്പമാണ്. അമേരിക്കയും ചൈനയും ഒരുമിച്ച് പാക്കിസ്ഥാനെ സഹായിക്കുന്ന ഒരു സാഹചര്യം എന്തായാലും സംഭവിക്കാന്‍ പോകുന്നുമില്ല.

അമേരിക്കക്ക് കശ്മീര്‍ വിഷയത്തില്‍ നിഷ്പക്ഷത പാലിക്കേണ്ടി വരും. ചൈനക്കാകട്ടെ ഇന്ത്യ റഷ്യക്കൊപ്പം നില്‍ക്കുന്ന കാലത്തോളം ഒരു സാഹസത്തിനും മുതിരാനും കഴിയില്ല. ഈ സാഹചര്യത്തില്‍ ഭീകരരെ മുന്‍നിര്‍ത്തി പാക്കിസ്ഥാന്‍ കളിച്ചാല്‍ അവര്‍ ശരിക്കും അനുഭവിക്കുക തന്നെ ചെയ്യും. അക്കാര്യം ഉറപ്പാണ്.

സൈന്യത്തെ പൂര്‍ണ്ണമായും സജജീകരിച്ച് നിര്‍ത്തിയാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്ത് കളഞ്ഞിരിക്കുന്നത്. ജമ്മു കശ്മീരില്‍ ഉയരുന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങളെ പോലും അടിച്ചമര്‍ത്തുന്ന നിലപാടാണ് സുരക്ഷാ സേന സ്വീകരിച്ച് വരുന്നത്. സേനയുടെ നടപടികള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ദോവലും ഗവര്‍ണറുടെ ഉപദേഷ്ടാവ് വിജയകുമാറുമാണ്.

അമേരിക്കയുടെയും പാക്കിസ്ഥാന്റെയും ചാരക്കണ്ണുകള്‍ക്ക് പോലും കണ്ടു പിടിക്കാന്‍ കഴിയാത്ത കരു നീക്കങ്ങളാണ് ഇന്ത്യയിപ്പോള്‍ നടത്തി വരുന്നത്. അതിര്‍ത്തി കടത്തിവിട്ട ഭീകരരെയും അവരെ സഹായിച്ച പാക്ക് സൈനികരെയും വധിച്ച ഇന്ത്യന്‍ സേന മൃതദേഹം കൊണ്ടു പോകാന്‍ പറഞ്ഞത് പാക്ക് സൈന്യത്തിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതില്‍ പ്രതിഷേധിച്ച ചൈന പോലും നിലവിലെ സാഹചര്യത്തില്‍ പ്രതിരോധത്തിലാണ്.

പാക്കിസ്ഥാന്റെ അമേരിക്കന്‍ അടുപ്പമാണ് ചൈനയെ പിറകോട്ട് അടുപ്പിക്കുന്നത്. അമേരിക്കയാവട്ടെ പ്രത്യക്ഷത്തില്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ പറ്റാത്ത അവസ്ഥയിലുമാണ്. യുദ്ധ വിമാനങ്ങള്‍ പാക്കിസ്ഥാന് നല്‍കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ തന്നെ ഇന്ത്യ കലിപ്പിലാണ്.

ഇനി ഒരു സഹായം അമേരിക്ക പാക്കിസ്ഥാന് നല്‍കിയാല്‍ അത് ഇന്ത്യയെ അമേരിക്കന്‍ വിരുദ്ധ പക്ഷത്താണ് എത്തിക്കുക. ഇറാന്‍- ഉത്തര കൊറിയ വിഷയങ്ങളില്‍ പ്രതിരോധത്തിലായ അമേരിക്ക ഒരിക്കലും ആഗ്രഹിക്കാത്ത കാര്യമാണത്. ഇന്ത്യയോട് അക്രമം കൊണ്ട് പക പോക്കാന്‍ നില്‍ക്കരുതെന്ന് അമേരിക്ക പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതും ഈ സാഹചര്യത്തിലാണ്.

പാക്കിസ്ഥാന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ക്ക് എതിരെ പ്രത്യക്ഷമായി തന്നെ ഇന്ത്യ നടപടി എടുക്കണമെന്നും അവരെ അമര്‍ച്ച ചെയ്യണമെന്നും അമേരിക്കന്‍ സെനറ്റര്‍മാരാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിയന്ത്രണ രേഖ കടന്ന് നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കരുതെന്നാണ് അവര്‍ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ട്രംപ് വിരുദ്ധരായ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ പെട്ട സെനറ്റര്‍മാരാണ് ഈ വിഷയത്തിലുള്ള തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. പാക്കിസ്ഥാനോടുള്ള സമീപനത്തില്‍ അമേരിക്കയില്‍ തന്നെ ഭിന്നാഭിപ്രായമുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ പ്രതികരണങ്ങള്‍.

ഹൗസ് ഫോറിന്‍ അഫയേഴ്സ് കമ്മിറ്റിയിലെ സെനറ്റര്‍ റോബര്‍ട്ട് മെനെന്‍ഡെസും കോണ്‍ഗ്രസ്മാന്‍ എലിയട്ട് എന്‍ഗെലുമാണ് സംയുക്തമായി ഇത്തരത്തില്‍ പാക്കിസ്ഥാനെ ഉപദേശിച്ചു രംഗത്തു വന്നത്. കാശ്മീരില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിലും രണ്ടുപേരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം യു.എന്‍ രക്ഷാസമിതിയില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാനാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ നീക്കം നടത്തുന്നത്. എന്നാല്‍ ഈ നീക്കം തിരിച്ചടിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം യു.എന്‍ രക്ഷാസമിതിയിലെ ഭൂരിപക്ഷ രാജ്യങ്ങളും ഇന്ത്യയെ ശക്തമായി പിന്‍തുണയ്ക്കുന്നവരാണ്. ഇതു തന്നെയാണ് പാക്കിസ്ഥാനും വിനയാകുക.

Top