റഷ്യ-യുക്രൈന്‍ പ്രതിസന്ധി തുടരുന്നതിനിടെ റഷ്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

റഷ്യ-യുക്രൈന്‍ പ്രതിസന്ധി തുടരുന്നതിനിടെ റഷ്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. യുക്രൈനെ ആക്രമിച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് അമേരിക്ക റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കി.

വിഷയത്തില്‍ ഒരു മണിക്കൂറോളം സമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിനുമായി സംസാരിച്ചിരുന്നു. ചര്‍ച്ച പരാജയപ്പെട്ടതോടെ റഷ്യ-യുക്രൈന്‍ സംഘര്‍ഷ സാധ്യത തടയാനുള്ള സമവായശ്രമങ്ങള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഏത് നിമിഷയും റഷ്യ യുക്രൈനെ ആക്രമിച്ചേക്കാമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ നേരത്തെ അമേരിക്ക തങ്ങളുടെ പൗരന്മാരെ തിരിച്ചു വിളിച്ചിരുന്നു. ഇത് കൂടാതെ 12 രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട് യുക്രൈനില്‍ നിന്നും മടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ യുദ്ധത്തിനില്ലെന്നും യുക്രൈനിനെ ആക്രമിക്കില്ലെന്നുമാണ് റഷ്യ ആവര്‍ത്തിച്ചു പറയുന്നത്.

അതേസമയം അതിര്‍ത്തികളില്‍ റഷ്യ പടയൊരുക്കം നടത്തുന്നതായാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.റഷ്യ യുക്രൈന്‍ ബന്ധം ഏറ്റവും മോശമായ ഘട്ടത്തിലെത്തിയെന്നും യുദ്ധം വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും നേരത്തെ ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു. ബെല്‍ജിയത്തിലെ നാറ്റോ സഖ്യസേന തലവനുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

റഷ്യ-യുക്രൈന്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഇന്ത്യയും ആശങ്കയില്‍. നിരവധി ഇന്ത്യന്‍ പൗരന്മാര്‍ യുക്രൈനില്‍ ഉണ്ടെന്നത് ആശങ്കയുണ്ടാക്കുന്നു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ് ഇന്ത്യ.

Top