ഇന്ത്യയുമായി 1200 കോടിയുടെ ആയുധ ഇടപാട്; അനുമതി നല്‍കി ട്രംപ് ഭരണകൂടം

വാഷിങ്ടണ്‍: ഇന്ത്യക്ക് 1200 കോടിയുടെ (155 ദശലക്ഷം ഡോളറിന്റെ) ആയുധങ്ങള്‍ വില്‍ക്കാന്‍ യു.എസ് ഭരണകൂടം അനുമതി നല്‍കിയതായി പെന്റഗണ്‍. ഇന്ത്യയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഹാര്‍പൂണ്‍ മിസൈലുകളും ടോര്‍പ്പിഡോകളും വില്‍ക്കാന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചതെന്ന് പെന്റഗണ്‍ പറഞ്ഞു.

92 ദശലക്ഷം ഡോളറിന്റെ 10 എ.ജി.എം -84 എല്‍ ഹാര്‍പൂണ്‍ മിസൈലുകളും 63 ദശലക്ഷം ഡോളറിന്റെ എം.കെ 54 ടോര്‍പ്പിഡോകളുമാണ് ഇന്ത്യയ്ക്ക് കൈമാറുക.

ഇന്ത്യന്‍-യു.എസ് ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രധാന പ്രതിരോധ പങ്കാളിയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്നും ഇന്തോ-പസഫിക്, ദക്ഷിണേഷ്യ മേഖലയിലെ സ്ഥിരതയും സമാധാനവും സാമ്പത്തിക പുരോഗതിയും ഉറപ്പുവരുത്താന്‍ ആയുധക്കൈമാറ്റം വഴിയൊരുക്കുമെന്നും അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു.

അമേരിക്കയില്‍ കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍, ട്രംപ് ഇന്ത്യയോട് മലമ്പനിയുടെ മരുന്ന് ആവശ്യപ്പെട്ടിരുന്നു. അനുകൂലമായ പ്രതികരണം ഇന്ത്യയില്‍ നിന്ന് ഉണ്ടായില്ലെങ്കില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന.

തുടര്‍ന്ന് ഇന്ത്യ ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ കയറ്റുമതിയിലുള്ള നിയന്ത്രണം ഭാഗികമായി നീക്കുകയും മരുന്ന് നല്‍കുകയും ചെയ്തു. തുടര്‍ന്ന് നരേന്ദ്രമോദി മികച്ച നേതാവാണെന്നും മഹാനായ മനുഷ്യനാണെന്നും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ വിട്ടുനല്‍കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും ട്രംപ് പ്രസ്താവിക്കുകയും ചെയ്തിരുന്നു.

Top