വാഷിംഗ്ടണ്‍: ശരിയായ സമയത്ത് ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക് യുഎസ് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിനോടാണ് വൈറ്റ് ഹൗസ് നിലപാട് അറിയിച്ചത്. ഉത്തരകൊറിയന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിക്കാന്‍ തയ്യാറാണെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഉത്തരകൊറിയയുമായി യുഎസിന് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നത് വാസ്തവമാണ്, പക്ഷെ നല്ല ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. വരും നാളുകളില്‍ അത് നല്ല കാര്യങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നും യുഎസ് പ്രത്യാശ പ്രകടിപ്പിച്ചു. ദക്ഷിണ-ഉത്തര കൊറിയന്‍ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയ്ക്ക് തൊട്ടുപുറകെയാണ് വൈറ്റ് ഹൗസ് നിലപാട് വ്യക്തമാക്കിയത്.
രണ്ട് വര്‍ഷത്തിന് ശേഷം ഉത്തര-ദക്ഷിണ കൊറിയ പ്രതിനിധികള്‍ തമ്മില്‍ കഴിഞ്ഞ ദിവസംചര്‍ച്ച നടത്തിയിരുന്നു. ദക്ഷിണ കൊറിയയില്‍ വെച്ചുനടക്കുന്ന ശീതകാല ഒളിംപിക്‌സില്‍ നോര്‍ത്ത് കൊറിയ പങ്കെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയുടെ ഭാഗമായി. കൂടാതെ ഉത്തരകൊറിയയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള സൈനിക നീക്കങ്ങള്‍ നിര്‍ത്തിവെയ്ക്കാനും ചര്‍ച്ചയിലൂടെ ധാരണയായതാണ് റിപ്പോര്‍ട്ട്.