ടെക്‌സസ്: കാറിനുള്ളില്‍ മക്കളെ പൂട്ടിയിട്ട് അമ്മ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷത്തിനു പോയി. ചുട്ടുപഴുത്ത കാറിനുള്ളില്‍ കിടന്ന് കുട്ടികള്‍ മരിച്ചു. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം നടന്നത്. കേസില്‍ പ്രതിയായ അമ്മയ്ക്ക് കോടതി 40 വര്‍ഷം തടവുശിക്ഷ വിധിച്ചു.
2017 ജൂണ്‍ ഏഴിനാണ് സംഭവം നടന്നത്. അമാന്‍ഡ ഹോകിന്‍സ് എന്ന അമ്മയുടെ അനാസ്ഥയാണ് ഒന്നും രണ്ടും വയസ്സുള്ള പെണ്‍കുട്ടികളുടെ ദാരുണാന്ത്യത്തിനു കാരണമായത്. ബ്രയാന്‍ ഹോകിന്‍സ് (ഒന്ന്), അഡിസണ്‍ എഡ്ഡി (രണ്ട്) എന്നി കുട്ടികളെ കാറിനുള്ളില്‍ പൂട്ടിയിട്ട് 20കാരിയായ അമാന്‍ഡ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട ആഘാഷം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും ചുട്ടുപഴുത്ത കാറിനുള്ളില്‍ കിടന്ന കുട്ടികള്‍ അവശനിലയിലായിരുന്നു. എന്നാല്‍ തൊട്ടടുത്ത തടാകത്തിലെ പൂക്കളുടെ ഗന്ധം ശ്വസിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ അവശനിലയില്‍ ആയതെന്നായിരുന്നു അമാന്‍ഡയുടെ വാദം. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് സംഭവം വ്യക്തമായത്.
കുട്ടികളെ കാറിനുള്ളില്‍ 15 മുതല്‍ 18 മണിക്കൂര്‍ വരെ അടച്ചിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സമയത്ത് 90 ഡിഗ്രി ചൂടാണ് ഇവര്‍ അനുഭവിച്ചത്. കുട്ടികള്‍ കാറിനുള്ളില്‍ കിടന്ന് കരയുന്നത് കണ്ടവര്‍ അമ്മയെ അറിയിച്ചുവെങ്കിലും കുഴപ്പമൊന്നുമില്ലെന്നും ഉറങ്ങാന്‍ വേണ്ടിയാണ് കരയുന്നതെന്നുമാണ് അമാന്‍ഡ പറഞ്ഞത്. രാത്രിയിലെ ആഘോഷത്തനിടെ കുട്ടികളുടെ കാര്യം പിറ്റേന്ന് ഉച്ചയോടെ ഉറക്കമുണര്‍ന്നപ്പോഴാണ് ഇവര്‍ ഓര്‍ത്തതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.