സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് തിരക്കിലാണ്. പക്ഷെ ഓട്ടത്തിനല്ല എന്നു മാത്രം. ഫുട്‌ബോള്‍ മൈതാനത്ത് ചേക്കേറുന്ന തിരക്കിലാണ് താരമിപ്പോള്‍. ആഫ്രിക്കയിലും യൂറോപ്പിലും പല ക്ലബ്ബുകള്‍ക്കായി പന്തുതട്ടാനായെങ്കിലും ആസ്‌ത്രേലിയയിലേക്ക് ആദ്യമായി കൂടു മാറുകയാണ് ബോള്‍ട്ട്.
ഓട്ടത്തില്‍ നിന്നും മാറി ഇനി എ ലീഗില്‍ സജീവമാകുകയാണ് ബോള്‍ട്ടിന്റെ ലക്ഷ്യം. അനിശ്ചിതകാലത്തേക്കാണ് അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നത്. ഇതിലൂടെ ഫുട്‌ബോളില്‍ പതുക്കെ തന്റെതായ സ്ഥാനം നേടാനാകുമെന്നാണ് ബോള്‍ട്ടിന്റെ പ്രതീക്ഷ.
ജര്‍മനിയില്‍ ബൊറൂസിയ ഡോട്ട്മുണ്ടിനായും ദക്ഷിണാഫ്രിക്കയില്‍ സണ്‍ഡൌണ്‍സിനായും നോര്‍വെയില്‍ സ്‌ട്രോംസ്‌ഗോഡസ്റ്റിനായും പരിശീലന മത്സരത്തിനായി ഇറങ്ങിയ ബോള്‍ട്ട് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ ആസ്‌ത്രേലിയയില്‍ സെന്‍ഡ്രല്‍ കോസ്റ്റ് മാരിനേഴ്‌സിനായി പന്ത് തട്ടാനാകുന്നതിന്റെ ആഹ്ലാദത്തിലാണ് അദ്ദേഹം.
ബോള്‍ട്ടിനെ സ്വാഗതം ചെയ്ത ക്ലബ്ബ് അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് വലിയ മുതല്‍കൂട്ടാകുമെന്നും വ്യക്തമാക്കി.