വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ബൂട്ടണിയും

ജമൈക്ക: ട്രാക്കില്‍ നിന്നും വിടപറഞ്ഞ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോള്‍ മൈതാനത്തേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുന്നു.

ബാഴ്‌സലോണക്കെതിരായ ചാരിറ്റി മത്സരത്തില്‍ തന്റെ ഇഷ്ട ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ബോള്‍ട്ട് ബൂട്ടണിയും. എന്നാല്‍ അത്‌ലറ്റിക് മീറ്റിലേറ്റ പരിക്ക് ഭേദമാകാത്തത് താരത്തെ അലട്ടുന്നുണ്ട്.

ഓള്‍ഡ് ട്രാഫോര്‍ഡിന്റെ മണ്ണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി പന്തുതട്ടണമെന്നത് ഉസൈന്‍ ബോള്‍ട്ടിന്റെ സ്വപ്നങ്ങളിലൊന്നായിരുന്നു. അതും യാഥാര്‍ത്ഥ്യമാകാനൊരുങ്ങുമ്പോള്‍ ലോകം കാത്തിരിക്കുകയാണ് ബോള്‍ട്ട് പന്തു തട്ടുന്നത് കാണാന്‍.

അടുത്ത മാസം രണ്ടിന് ലയണല്‍ മെസി അണിനിരക്കുന്ന ബാഴ്‌സലോണക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇറങ്ങുമ്പോള്‍ മുന്നേറ്റ നിരയില്‍ മിന്നല്‍പ്പിണറായി ബോള്‍ട്ടുണ്ടാകും.

എന്നാല്‍ ബോള്‍ട്ടിന്റെ ആരാധകര്‍ ആശങ്കയിലാണ്. കാരണം, ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ അവസാന മത്സരത്തിലേറ്റ പരിക്കില്‍ നിന്നും ബോള്‍ട്ട് മുക്തനായിട്ടില്ല.

പരിക്ക് പൂര്‍ണമായും മാറിയാല്‍ മാത്രമെ മാഞ്ചസ്റ്റര്‍ ജഴ്‌സിയില്‍ കളിക്കുകയെന്ന ബോള്‍ട്ടിന്റെ മോഹം പൂര്‍ത്തിയാകൂ. അതുകൊണ്ടുതന്നെ പ്രാര്‍ത്ഥനയിലും കാത്തിരിപ്പിലുമാണ് ആരാധകര്‍.

Top