വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ ചൈനയും റഷ്യയും ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പൂര്‍ണമായും നിഷേധിച്ച് വൈറ്റ്ഹൗസ് രംഗത്ത്. ട്രംപിന്റെ സെല്‍ഫോണ്‍ സംഭാഷണങ്ങള്‍ ചൈനയിലേയും റഷ്യയിലേയും ചാരസംഘങ്ങള്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും രാജ്യത്തിനും പ്രസിഡന്റിനും ഭീഷണിയാണിതെന്നും ന്യൂയോര്‍ക്ക് ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് വ്യാജമാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്തിന്റെ നയതന്ത്രരഹസ്യങ്ങള്‍ മനസിലാക്കുന്നതിനും ട്രംപിനെ തളര്‍ത്തുന്നതിനുള്ള തന്ത്രങ്ങള്‍ മെനയാനും ഫോണ്‍ചോര്‍ത്തലിലൂടെ സാധിച്ചേക്കുമെന്നും മൊബൈല്‍ ഫോണിന് പകരം വൈറ്റ് ഹൗസിലെ ലാന്‍ഡ്‌ലൈന്‍ ഉപയോഗിക്കാന്‍ നേരത്തെ തന്നെ ട്രംപിനോട് രഹസ്യാന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ട്രംപ് മൊബൈല്‍ ഉപയോഗം കുറയ്ക്കാത്തത് ഉദ്യോഗസ്ഥര്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ട്രംപിനൊപ്പം രാജ്യത്തിന്റേയും സ്വകാര്യതയും സുരക്ഷയും ചോര്‍ത്തപ്പെടുന്നതിന്റെ ആശങ്കയിലാണ് ഉദ്യോഗസ്ഥരെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ട്രംപ് സ്ഥിരമായി സംഭാഷണം നടത്തുന്നവരുടെ പട്ടിക ചൈനയുടെ ചാരസംഘം തയ്യാറാക്കിയിട്ടുണ്ടെന്നും പ്രമുഖരായ പലരും പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ട്രംപിന് സ്വകാര്യ ഉപയോഗത്തിന് മൊബൈല്‍ ഫോണില്ലെന്നും ആകെ ഉപയോഗിക്കുന്ന ഒരു ഐഫോണ്‍ ഔദ്യോഗികാവശ്യത്തിനുള്ളതാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ഔദ്യോഗിക ഫോണുകള്‍ മാത്രമാണ് താനുപയോഗിക്കുന്നതെന്ന് ട്രംപും അറിയിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിനെ മടുപ്പിക്കുന്നതും വ്യാജമാണെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്.