രാജ്യത്ത് ഒരാൾ ഒമ്പത് മൊബൈൽ ഫോൺ സിമ്മുകളിൽ കൂടുതൽ കൈവശം വെച്ചാൽ അധികമുള്ളവ റദ്ദാക്കാൻ ടെലികോം മന്ത്രാലയം ഉത്തരവിട്ടു. കൂടുതലുള്ള സിം പുനഃപരിശോധനക്ക് ഹാജരാക്കണമെന്നും അതിൽ ആവശ്യമുള്ള കണക്ഷൻ ഉപഭോക്താക്കൾക്ക് നിലനിർത്താമെന്നുമാണ് എല്ലാ മൊബൈൽ കമ്പനികൾക്കും ബാധകമായ ഉത്തരവ്.
പുനഃപരിശോധനക്ക് സിമ്മുകൾ നൽകിയില്ലെങ്കിൽ അധികമുള്ളവ ഉത്തരവിറങ്ങിയ ഡിസംബർ ഏഴുമുതൽ 60 ദിവസത്തിനകവും റദ്ദാകും. ജമ്മു-കശ്മീർ-വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ, അസം എന്നിവിടങ്ങിലുള്ളവർക്ക് ആറ് സിമ്മാണ് പരമാവധി കൈവശം വെക്കാവുന്നത്.
ധനകാര്യ കുറ്റകൃത്യങ്ങൾ, വ്യാജ ഫോൺവിളികൾ, യന്ത്രം വഴിയുള്ള ഫോൺവിളികൾ എന്നിവയ്ക്ക് തടയിടാനാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. പരിശോധനക്കുശേഷം അധികമുള്ള സിമ്മുകളുടെ ഔട്ട്ഗോയിങ് കോളുകൾ 30 ദിവസത്തിനകവും ഇൻകമിങ് 45 ദിവസത്തിനകവും റദ്ദാക്കണമെന്നാണ് നിർദേശം.