ഡല്‍ഹി: ക്രിക്കറ്റില്‍ ആഗോള ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡയുടെ പരിശോധന നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര കായികമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ്.
ക്രിക്കറ്റ് ഉത്തേജക മരുന്ന് പരിശോധനയുടെ പരിധിയില്‍ വരുന്നതില്‍ സന്തോഷമുണ്ടെന്നും, എന്നാല്‍ ദേശീയ ഏജന്‍സിയായ നാഡയെക്കാള്‍ പരിശോധനക്കായി വാഡയെ സമീപിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി മാരത്തോണിനിടെയാണ് ഒളിംപിക് ജേതാവ് കൂടിയായ രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് അഭിപ്രായം വ്യക്തമാക്കിയത്.
ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉത്തേജക മരുന്ന് പരിശോധന നടത്തുന്നതിനെ ബിസിസിഐ നേരത്തെ തന്നെ എതിര്‍ത്തിരുന്നു.
മൂന്ന് മാസം കൂടുമ്പോള്‍ പരിശോധനക്കായി താരങ്ങള്‍ വാഡ നിശ്ചയിക്കുന്ന സ്ഥലത്ത് എത്തണമെന്ന നിബന്ധനയാണ് ബിസിസിഐയെ എതിര്‍ക്കാന്‍ പ്രേരിപ്പിച്ചത്.
ഉത്തേജക മരുന്ന് ഉപയോഗിക്കുന്നത് ആരാധകരെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും, അതിനാല്‍ എല്ലാ കായിക സംഘടനകളും ഉത്തേജക മരുന്ന് ഉപയോഗിക്കുന്നില്ലെന്ന കാര്യം ഉറപ്പാക്കണമെന്നും കായികമന്ത്രി പറഞ്ഞു.