അഹമ്മദാബാദ്: ഇന്ത്യക്കെതിരായ അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ചുറിയുമായി ഓസ്ട്രേലിയൻ ചെറുത്തു നിൽപ്പിന് നേതൃത്വം നൽകുന്ന ഓപ്പണർ ഉസ്മാൻ ഖവാജക്ക് അപൂർവ റെക്കോർഡ്. രണ്ടാം ദിനം ആദ്യ സെഷനിൽ 150 റൺസിലെത്തിയതോടെ 21-ാം നൂറ്റാണ്ടിൽ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 150 റൺസ് അടിക്കുന്ന രണ്ടാമത്തെ മാത്രം ഓസ്ട്രേലിയൻ ബാറ്ററായി ഖവാജ. ക്ഷമയുടെ പര്യായമായി ക്രീസിൽ നിന്ന ഖവാജ 346 പന്തിലാണ് 150 റൺസ് തികച്ചത്.
2001ൽ മാത്യു ഹെയ്ഡനുശേഷം ഇന്ത്യയിൽ 150 റൺസ് തികക്കുന്ന ആദ്യ ഓസ്ട്രേലിയൻ ഓപ്പണറാണ് ഖവാജ. 2001ലെ ചെന്നൈ ടെസ്റ്റിൽ ഇന്ത്യക്കെതിരെ മാത്യു ഹെയ്ഡൻ 203 റൺസടിച്ചിരുന്നു. മാത്യു ഹെയ്ഡനുശേഷം ഇന്ത്യയിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ഓസ്ട്രേലിയൻ ഓപ്പണറെന്ന റെക്കോർഡും ഇന്നത്തെ പ്രകടനത്തോടെ ഖവാജ സ്വന്തം പേരിലാക്കി. ഇന്ത്യയിൽ ടെസ്റ്റിൽ 150 റൺസിന് മുകളിൽ സ്കോർ ചെയ്യുന്ന നാലാമത്തെ മാത്രം ഓസ്ട്രേലിയൻ ഓപ്പണർ കൂടിയാണ് ഖവാജ.