സെഞ്ചുറിയുമായി ഉസ്‌മാന്‍ ഖവാജ; ആഷസില്‍ പൊരുതി ഓസീസ്

എഡ്‌ജ്‌ബാസ്റ്റണ്‍: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 393 റണ്‍സ് പിന്തുടരുന്ന ഓസ്ട്രേലിയക്കായി സെഞ്ചുറി നേടി ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജ. ഖവാജ 199 പന്തിലാണ് പതിനഞ്ചാം ടെസ്റ്റ് ശതകം കണ്ടെത്തിയത്. അഞ്ച് വിക്കറ്റ് നഷ്‌ടമായ ഓസീസ് ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ രണ്ടാം ദിനം മൂന്നാം സെഷനില്‍ 69 ഓവറില്‍ 229 റണ്‍സ് എന്ന നിലയിലാണ്. ഖവാജ 199 പന്തില്‍ 100* ഉം, അലക്‌സ് ക്യാരി 6 പന്തില്‍ 2* ഉം റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. അഞ്ച് വിക്കറ്റ് കയ്യിലിരിക്കേ ഇംഗ്ലണ്ട് സ്കോറിനൊപ്പമെത്താന്‍ 164 റണ്‍സ് കൂടി ഓസീസിന് വേണം. ഓസീസിനായി ട്രാവിസ് ഹെഡ് ഫിഫ്റ്റി കണ്ടെത്തി.

വിക്കറ്റ് നഷ്‌ടമില്ലാതെ 14/0 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസീസിന് അടുത്തടുത്ത പന്തുകളില്‍ പ്രഹരം നല്‍കി സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് തുടക്കത്തിലെ ആഘാതമേല്‍പിച്ചു. പതിവുപോലെ ഡേവിഡ് വാര്‍ണറെ 27 പന്തില്‍ 9 റണ്‍സെടുത്ത് നില്‍ക്കേ ബ്രോഡ് ബൗള്‍ഡാക്കി. തൊട്ടടുത്ത പന്തില്‍ മാര്‍നസ് ലബുഷെയ്‌നെ(1 പന്തില്‍ 0) വിക്കറ്റ് കീപ്പര്‍ ജോണി ബെയ്‌ര്‍സ്റ്റോയുടെ കൈകളില്‍ എത്തിച്ച് ബ്രോഡ് ഗോള്‍ഡന്‍ ഡക്കാക്കി. ഇതിന് ശേഷം പ്രതീക്ഷ ബാറ്റിംഗ് ഇതിഹാസം സ്റ്റീവ് സ്‌മിത്തിലേക്ക് നീണ്ടെങ്കിലും പരിക്കിന്റെ ഇടവേള കഴിഞ്ഞ് ബൗളിംഗ് പുനരാരംഭിച്ച നായകന്‍ ബെന്‍ സ്റ്റോക്‌സ് അദേഹത്തെ എല്‍ബിയില്‍ കുരുക്കി. സ്‌മിത്തിന് 59 പന്തില്‍ 16 റണ്‍സേ നേടാനായുള്ളൂ. ഉസ്‌മാന്‍ ഖവാജയ്‌ക്ക് പിന്നാലെ ബാസ്‌ബോള്‍ ശൈലിയില്‍ ഇംഗ്ലണ്ടിന് മറുപടിയുമായി തകര്‍ത്തടിച്ച് അര്‍ധസെഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്ന് ഓസീസിനെ കാത്തത്.

63 പന്തില്‍ 8 ഫോറും ഒരു സിക്‌സുമായി 50 റണ്‍സെടുത്ത് നില്‍ക്കേ ഹെഡിനെ സാക്ക് ക്രൗലിയുടെ കൈകളില്‍ എത്തിച്ച് സ്‌പിന്നര്‍ മൊയീന്‍ അലി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഇതോടെ വിരമിക്കല്‍ പിന്‍വലിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് അലിക്ക് നല്ല ഓര്‍മ്മയായി. ഇതിന് ശേഷം അഞ്ചാം വിക്കറ്റില്‍ ഖവാജയും യുവതാരം കാമറൂണ്‍ ഗ്രീനും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചപ്പോള്‍ ഗ്രീനിനെയും(68 പന്തില്‍ 38) വീഴ്‌ത്തി അലി വീണ്ടും ബ്രേക്ക് ത്രൂ നേടി. ഗ്രീന്‍ ബൗള്‍ഡാവുകയായിരുന്നു.

നേരത്തെ, ആദ്യ ഇന്നിംഗ്‌സില്‍ ബാസ്‌ബോള്‍ ശൈലിയില്‍ ബാറ്റ് വീശിയ ഇംഗ്ലണ്ട് ഏവരേയും ഞെട്ടിച്ച് ആദ്യ ദിനത്തിന്റെ മൂന്നാം സെഷനില്‍ 78 ഓവറില്‍ 393-8 എന്ന സ്കോറില്‍ ഡിക്ലെയര്‍ ചെയ്യുകയായിരുന്നു. സെഞ്ചുറി നേടിയ സൂപ്പര്‍ താരം ജോ റൂട്ടും പേസര്‍ ഓലീ റോബിന്‍സണും ക്രീസില്‍ നില്‍ക്കേ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് താരങ്ങളെ തിരിച്ചുവിളിക്കുകയായിരുന്നു. റൂട്ട് 152 പന്തില്‍ 7 ഫോറും 4 സിക്‌സും സഹിതം 118* റണ്‍സ് നേടിയപ്പോള്‍ റോബിന്‍സണ്‍ 31 പന്തില്‍ 17* എടുത്തു. ഓപ്പണര്‍ സാക്ക് ക്രൗലി(73 പന്തില്‍ 61), വിക്കറ്റ് കീപ്പര്‍ ജോണി ബെയ്‌ര്‍സ്റ്റോ(78 പന്തില്‍ 78), ഹാരി ബ്രൂക്ക്(37 പന്തില്‍ 32), ഓലി പോപ്(44 പന്തില്‍ 31) എന്നിവരുടെ ബാസ്‌ബോള്‍ ശൈലി ഇംഗ്ലണ്ടിന് കരുത്തായി. നായകന്‍ ബെന്‍ സ്റ്റോക്‌സ് ഒരു റണ്ണില്‍ മടങ്ങി. ഓസീസിനായി നഥാന്‍ ലിയോണ്‍ നാലും ജോഷ് ഹേസല്‍വുഡ് രണ്ടും സ്കോട്ട് ബോളണ്ടും കാമറൂണ്‍ ഗ്രീനും ഓരോ വിക്കറ്റും പേരിലാക്കി.

Top