ഉത്രയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മരണം പാമ്പ് കടിയേറ്റ് എന്ന് സ്ഥിരീകരിക്കുന്നത്

കൊല്ലം: കൊല്ലം അഞ്ചില്‍ മരിച്ച ഉത്രയുടെത് പമ്പ് കടിയേറ്റത് മൂലമുള്ള മരണം എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. വിഷാംശം നാഡിവ്യൂഹത്തിനെ ബാധിച്ചു എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഉത്രയുടെ ഇടത് കൈയ്യില്‍ രണ്ട് പ്രാവശ്യം പാമ്പ് കടിച്ചതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിഷം നാഡിവ്യൂഹത്തിനെ ബാധിച്ച് മരിച്ചതിനാല്‍ മൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റ് മരിച്ചതായാണ് വിലയിരുത്തല്‍.

കഴിഞ്ഞ ദിവസമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘം കൈപ്പറ്റിയത്. ഉത്രയുടെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനക്കായി അയച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലാണ് ഉത്രയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. പാമ്പ് കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കിയതോടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ ശാസ്ത്രിയ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭ്യമായി.

ഉത്രയെ കടിച്ചു എന്ന് സംശയിക്കുന്ന പാമ്പിന്റെ മാംസം വിഷപ്പല്ലുകള്‍ ഉള്‍പ്പടെയുള്ള അവശിഷ്ടങ്ങള്‍ രാജിവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ രാസ പരിശോധനക്കായി അയച്ചിട്ടുണ്ട്. കേസ്സിലെ മുഖ്യപ്രതി സൂരജിനെ അടൂര്‍ പറക്കോട്ടുള്ള വീട്ടില്‍ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും.

Top