ഭാര്യയുമായുള്ള തര്‍ക്കം; ഒരുവയസ്സുകാരിയായ മകളെ അച്ഛന്‍ എറിഞ്ഞ് കൊന്നു

child-death

നോയിഡ: മദ്യപിച്ചെത്തിയ പിതാവ് ഒരുവയസ്സുകാരിയായ മകളെ എറിഞ്ഞ് കൊന്നു. ഭാര്യയുമായുണ്ടായ തര്‍ക്കത്തില്‍ പ്രകോപിതനായാണ് പിതാവ് ഫ്‌ലാറ്റില്‍ നിന്നും കുഞ്ഞിനെ താഴേക്ക് എറിഞ്ഞത്. ഉത്തര്‍പ്രദേശിലെ ഗാരി ചൗഖണ്ടി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രതി പങ്കജ് ഒളിവിലാണ്.

നോയിഡയില്‍ ആശാരിയായി ജോലി ചെയ്യുന്ന ആളാണ് പങ്കജ്. ഇയാള്‍ ഭാര്യ ഗുഡിയയുമായി സ്ഥിരം വഴക്കിടാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവ ദിവസവും പതിവു പോലെ പ്രതി മദ്യപിച്ച് എത്തുകയും ഭാര്യയുമായി വഴക്കിടുകയും ചെയ്തു. തുടര്‍ന്ന് പ്രകോപിതനായ പങ്കജ് മൂത്ത മകളുടെ കയ്യിലിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങി ഫ്‌ലാറ്റില്‍ നിന്നുകൊണ്ട് സമീപത്തെ ഗ്രൗണ്ടിലേയ്ക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കുഞ്ഞിനെ അടുത്തുള്ള പ്രാദേശിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും പിറ്റേദിവസം രാവിലെ മരിച്ചു. പങ്കജിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇയാളെ എത്രയും വേഗം കണ്ടെത്തുമെന്നും അതിനായുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

Top