ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ട് കോണ്‍ഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ വന്‍ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ഈ നടപടി എന്നാണ് സൂചന. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് ഈ നിര്‍ദേശം നല്‍കിയത്.
11 നിയമസഭാ സീറ്റുകളിലേക്കാണ് ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോവുന്നത്. കിഴക്കന്‍, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പുകള്‍. എംഎല്‍എമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ച് ജയിച്ച മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുക. ഈ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രണ്ടംഗങ്ങള്‍ വീതമുള്ള സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഏതൊക്കെ തലങ്ങളിലാണ് വീഴ്ചയുണ്ടായത് എന്ന് വിശകലനം നടത്താനാണ് കോണ്‍ഗ്രസ്സ് ഒരുങ്ങുന്നത്. പാര്‍ട്ടിയുടെ നിയമസഭാ കക്ഷിനേതാവായ അജയ് കുമാര്‍ ലല്ലുവിനെയാണ് യുപിയില്‍ പാര്‍ട്ടി പുനഃസംഘടനയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
യുവാക്കളെ ഉള്‍പ്പെടുത്തി പുതിയ സമിതികള്‍ രൂപീകരിക്കണമെന്ന പദ്ധതിയാണ് പ്രിയങ്കാ ഗാന്ധി മുന്നോട്ടു വയ്ക്കുന്നത്. പുതിയ ജില്ലാ സമിതികളില്‍ 50 ശതമാനം പേരും 40 വയസ്സില്‍ താഴെയുള്ളവരായിരിക്കണമെന്നാണ് പ്രിയങ്ക നല്‍കിയ ഒരു നിര്‍ദേശം. 33 ശതമാനം വനിതാ സംവരണവും ഉറപ്പാക്കണമെന്നും പ്രിയങ്ക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവിലെ സ്ഥിതിയില്‍ കോണ്‍ഗ്രസില്‍ നിന്ന് രാഹുലിന്റെ നേതൃത്വത്തിനെതിരെ വലിയ കലാപം ഉയരില്ലെന്ന് ഉറപ്പാണ്. അത്തരമൊരു കലാപസാധ്യത ഒരു സംസ്ഥാനങ്ങളിലെ ഘടകങ്ങളിലുമില്ല.