ഉത്തര്‍പ്രദേശില്‍ വൈദ്യുതി പോസ്റ്റുകള്‍ക്കും ഇനി കാവി നിറം

ലക്‌നൗ: വൈദ്യുതി പോസ്റ്റുകള്‍ക്കും കാവി നിറം കൊടുക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു.

സംസ്ഥാനത്തെ ബസുകള്‍ക്ക് കാവി പെയിന്റടിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് പുതിയ തീരുമാനവും.

പെട്ടെന്ന് തിരിച്ചറിയാന്‍ വേണ്ടിയാണ് കാവി നിറം നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

എല്ലാ അനധികൃത കോളനികളിലേക്കുമുള്ള വൈദ്യുതി കണക്ഷന്‍ നിയമാനുസൃതമായി അംഗീരിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈ പ്രദേശങ്ങളിലെ വൈദ്യുതി പോസ്റ്റുകളെയും കാവി നിറത്തിലുള്ള പെയിന്റടിക്കുന്നത്.

എല്ലാവര്‍ക്കും വൈദ്യുതി എന്ന പ്രത്യേക പദ്ധതിയിലാണ് കാവി പെയിന്റടിക്കാനുള്ള പരിപാടിയും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അലോക് കുമാര്‍ വ്യക്തമാക്കി.

അനധികൃത കോളനിയിലെ വൈദ്യുതി പോസ്റ്റുകളെ പെട്ടെന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണ് കാവി കളര്‍ പെയിന്റ് അടിക്കുന്നതെന്ന് ദക്ഷിണാഞ്ചല്‍ വൈദ്യുതി വിതരണ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ സുദീര്‍ കുമാര്‍ വര്‍മയും മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തര്‍പ്രദേശ് വൈദ്യതി ബോര്‍ഡിന്റെ തന്നെ കണക്ക് പ്രകാരം 300,00 അനധികൃത കോളനികളിലേക്ക് നിയമാനുസൃതമായ വൈദ്യുതി കണക്ഷന്‍ എത്തിക്കേണ്ടതുണ്ട്. ലക്‌നൗവില്‍ മാത്രം വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട 350 കോളനികളുണ്ട്. ഇതിനിടെയാണ് വൈദ്യുതി പോസ്റ്റുകളെ ‘വരുതിയിലാക്കാനുള്ള’ ബിജെപി സര്‍ക്കാരിന്റെ തീരുമാനം.

യുപി സംസ്ഥാന ഗതാഗത വകുപ്പിന് കീഴിലെ ബസുകള്‍ക്ക് കാവി പെയിന്റടിക്കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.’അന്ത്യോദയ്’ എന്നാണ് പുതിയ ബസുകള്‍ക്കിട്ടിരിക്കുന്ന പേര്.

ആര്‍എസ്എസ് സ്ഥാപക നേതാക്കളില്‍ ഒരാളായ ദീന്‍ ദയാല്‍ ഉപാധ്യയുടെ 100-ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് , സെപ്തംബര്‍ 25ന് ഇവ നിരത്തിലിറങ്ങും. ഒരു ബസിന് 24 ലക്ഷം രൂപയോളമാണ് ചിലവ്.

Top