ഉത്ര വധക്കേസ്; സൂരജിന് പാമ്പിനെ നല്‍കിയത്‌ വീടിന് സമീപത്ത് വെച്ചെന്ന് വനംവകുപ്പ്

കൊല്ലം: ഉത്ര വധക്കേസില്‍ ഒന്നാം പ്രതിയായ ഭര്‍ത്താവ് സൂരജിന് പാമ്പ് പിടുത്തക്കാരന്‍ അണലിയെ കൈമറിയത് വീടിന് സമീപത്ത് വെച്ചെന്ന് വനംവകുപ്പ്. പാമ്പ് പിടുത്തക്കാരന്‍ സുരേഷ് ഫെബ്രുവരി 26ന് കാറില്‍ പാമ്പിനെ പാറക്കോട്ടെ വീട്ടിലെത്തിക്കുകയായിരുന്നു.

മൂര്‍ഖന്‍ പാമ്പിനെ കൈമാറിയത് മാര്‍ച്ച് ഏഴിന് ഏനാത്ത് വെച്ചായിരുന്നു. പാമ്പിനെ കൈകാര്യം ചെയ്യുന്നതിന് സൂരജിന് പരിശീലനം ലഭിച്ചു. ഇതിന് സോഷ്യല്‍ മീഡിയയുടെ സഹായം തേടിയിരുന്നുവെന്നും കസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളും അന്വേഷണവുമായി സഹകരിക്കുന്നുവെന്നും വനംവകുപ്പ് വ്യക്തമാക്കി.

ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് എടുത്ത കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് ഇന്ന് നടന്നു. 1972 വന്യജീവി സംരക്ഷണ നിയമ പ്രകാരം മൂന്ന് കേസുകളാണ് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെക്ഷന്‍ 931 പ്രകാരമാണ് നടപടി ഇപ്പോള്‍ പുരോഗമിക്കുന്നത്. വന്യജീവിയെ വേട്ടയാടി പിടിച്ചു, അനധികൃതമായി കൈവശം വെച്ചു, കൊലപാതകത്തിന് ഉപയോഗിച്ചു എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ അമ്മയെയും സഹോദരിയെയും വനംവകുപ്പ് ചോദ്യംചെയ്യും. ഇരുവരോടും വനംവകുപ്പ് ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top