കൊല്ലം: ഉത്ര വധക്കേസിന്റെ വിചാരണ ഡിസംബര്‍ ഒന്നിന് ആരംഭിക്കും. വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായി സൂരജിനെതിരായ കുറ്റപത്രം കൊല്ലം ജില്ലാ സെഷന്‍സ് കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചു. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ഘട്ടത്തില്‍ സൂരജ് കുറ്റം നിഷേധിച്ചു. ഇതോടെയാണ് വിചാരണ ആരംഭിക്കാന്‍ കോടതി ഉത്തരവിട്ടത്.
ആറ് മാസത്തിലേറെയായി താന്‍ പൊലീസ് കസ്റ്റഡിയിലാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് സൂരജ് നല്‍കിയ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ സൂരജ് മാത്രമാണ് പ്രതി. ഇക്കഴിഞ്ഞ ആഗസ്റ്റ് 14നാണ് ജില്ലാ ക്രൈംബ്രാഞ്ച് ഉത്ര വധക്കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്.
മെയ് മാസം ആറിനാണ് കൊല്ലം അഞ്ചല്‍ സ്വദേശിനിയായ ഉത്രയെ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്. സൂരജിന്റെ കുടുംബാംഗങ്ങള്‍ പ്രതികളായ ഗാര്‍ഹിക പീഡന കേസിലെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ. അശോകന്‍ അറിയിച്ചു.