ഉത്ര വധക്കേസ്; കൊലയാളിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് കുടുംബം

കൊല്ലം: മകളുടെ കൊലയാളിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് അഞ്ചലിലെ ഉത്രയുടെ പിതാവ് വിജയസേനന്‍. കേസിന്റെ ഇതുവരെയുള്ള നടത്തിപ്പില്‍ പൂര്‍ണ തൃപ്തരാണെന്നും, സ്ത്രീധനത്തിനെതിരെ ശക്തമായ സന്ദേശം നല്‍കുന്ന വിധിയാണ് നീതി പീഠത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും കുടുംബം പറഞ്ഞു.

ഉത്രയുടെ രണ്ടരവയസുകാരനായ മകന്‍ ഇവര്‍ക്കൊപ്പമാണ് ഉള്ളത്. സംസ്ഥാനത്ത് ആവര്‍ത്തിക്കുന്ന സ്ത്രീധന പീഡനങ്ങളിലുള്ള ആശങ്കയും വിജയസേനന്‍ പങ്കുവച്ചു. ഉത്രവധക്കേസില്‍ തിങ്കളാഴ്ചയാണ് വിധി പ്രഖ്യാപനം. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.

2020 മേയ് ഏഴിനാണ് അഞ്ചലിലെ വീട്ടില്‍ ഉത്രയെ പാമ്പുകടിയേറ്റ് മരിച്ച നിലയില്‍ കണ്ടത്. മകളുടെ മരണത്തില്‍ സംശയം തോന്നി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് സൂരജാണ് മൂര്‍ഖനെ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയിരുന്നു.

Top