ലക്‌നൗ: കൈക്കൂലി നല്കാത്ത മാതാപിതാക്കളുടെ കുട്ടിയെ ചികിത്സിക്കാന്‍ ആശുത്രി അധികൃതര്‍ വിസമ്മതിച്ചത് വിവാദമാകുന്നു.
കൈക്കൂലി നല്കാത്തതില്‍ പ്രതിഷേധിച്ച് ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് പത്തു വയസുകാരന്‍ മരണത്തിനു കീഴടങ്ങി.
ഉത്തര്‍പ്രദേശിലെ ബഹ്‌റിച്ച് ജില്ലയിലെ ആശുപത്രിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്.
സുമിത്ര-ശിവ് ദത്ത് ദമ്പതികളുടെ മകന്‍ കൃഷ്ണയാണ് ചികിത്സ ലഭിക്കാതെ മരിച്ചത്.
ബഹ്‌റിച്ചിനു സമീപമുള്ള ഗ്രാമവാസികളാണ് സുമിത്രയും ശിവ് ദത്തും. കൃഷ്ണയ്ക്ക് പനിയും തളര്‍ച്ചയും ബാധിച്ചതിനെത്തുടര്‍ന്ന് ജില്ലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയില്‍ ഞായറാഴ്ച ഇവര്‍ എത്തിച്ചു.
എന്നാല്‍, അഡ്മിറ്റാക്കിയതിന്റെ ഡോകുമെന്റുകള്‍ തയാറാക്കുന്നതിനായി നഴ്‌സും ബെഡ് നല്കുന്നതിനായി സ്വീപ്പറും കൈക്കൂലി ആവശ്യപ്പെട്ടതായി കൃഷ്ണയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
തുടര്‍ന്ന് ചൊവ്വാഴ്ച കംപോണ്ടര്‍ എത്തി ഇന്‍ജക്ഷനുവേണ്ടിയും കൈക്കൂലി ആവശ്യപ്പെട്ടു. എന്നാല്‍, പണം കൈയില്‍ ഇല്ലെന്നും അല്പം സമയം നല്കണമെന്നും സുമിത്ര പറഞ്ഞു.
അതിനാല്‍ ഇന്‍ജക്ഷന്‍ നല്കാന്‍ കംപോണ്ടര്‍ തയാറായില്ല. പിന്നീട് ഇന്‍ജക്ഷന്‍ എടുത്തെങ്കിലും ഏറെ വൈകിയിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കൈക്കൂലി ആവശ്യപ്പെട്ടവരെ പിരിച്ചുവിട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.