ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ‘മിനി ഇന്ത്യ’ എന്നറിയപ്പെടുന്ന യുപിയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ വന്‍ വിജയം പ്രതിപക്ഷത്തിനും അപ്രതീക്ഷിത തിരിച്ചടിയായി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടാമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ കണക്കുകൂട്ടല്‍.
ഗോ സംരക്ഷകരുടെ അടക്കം നിരവധി ആക്രമണങ്ങള്‍ അരങ്ങേറിയ യു.പിയില്‍ മുന്നേറ്റമുണ്ടാക്കാമെന്ന സമാജ് വാദി പാര്‍ട്ടിയുടെയും ബി.എസ്.പിയുടെയും പ്രതീക്ഷകളാണ് ഇവിടെ തകര്‍ന്നടിഞ്ഞത്.
പലയിടത്തും കോണ്‍ഗ്രസ്സും പ്രതിപക്ഷവുമായി സഹകരിച്ചാണ് മത്സരിച്ചിരുന്നത്.
യു.പിയില്‍ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടാല്‍ അത് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചരണമാക്കാമെന്ന കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ കണക്ക് കൂട്ടലുകളാണ് തകര്‍ന്നടിഞ്ഞത്.
16 കോര്‍പ്പറേഷനുകളില്‍ 14 ഉം തൂത്ത് വാരിയാണ് തകര്‍പ്പന്‍ വിജയം ബി.ജെ.പി കരസ്ഥമാക്കിയത്.
വരാണസി, ഗൊരഖ്പുര്‍, ഗാസിയാബാദ്, ബറെയ്ലി, ആഗ്ര, ഫിറോസാബാദ്, ആയോധ്യ, മഥുര, ലക്നൗ, കാണ്‍പുര്‍,സഹറന്‍പുര്‍, ഝാന്‍സി, മൊറാദാബാദ്, അലഹബാദ് എന്നിവിടങ്ങളില്‍ ബി.ജെ.പി വിജയിച്ചു. മീറ്ററ്, അലിഗഡ് എന്നീ കോര്‍പ്പറേഷനുകള്‍ മായാവതിയുടെ ബി.എസ്.പിയും നേടി.
ലക്‌നൗ, മീററ്റ്, ഗാസിയാബാദ്, ശോരഖ്പൂര്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. ലഖ്‌നോവില്‍ ബി.ജെ.പി സ്ഥാനാര്‍ഥി സംയുക്ത ഭാട്ടിയ വിജയിച്ചതോടെ നഗരത്തിന് 100 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു വനിതാ മേയറെ ലഭിച്ചു.
മാത്രമല്ല, പുതുതായി രൂപീകരിച്ച അയോധ്യ, സഹറന്‍പുര്‍, ഫിറോസാബാദ്, മഥുര എന്നീ നാലു മുനിസിപ്പാലിറ്റികളും ബി.ജെ.പി നേടി.
ഏറ്റവും അധികം എം.പിമാരെ തിരഞ്ഞെടുത്ത് അയക്കുന്ന യു.പി പിടിച്ചാല്‍ മാത്രമേ ഇന്ത്യയുടെ ഭരണം പിടിക്കാന്‍ കഴിയൂ എന്ന യാഥാര്‍ത്ഥും കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവിന്‌മേല്‍ വീണ്ടും കരിനിഴല്‍ വീഴ്ത്തുന്നതാണ്.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.പിയില്‍ സമാജ് വാദി-ബി.എസ്.പി-കോണ്‍ഗ്രസ്സ് സഖ്യം വേണമെന്നതാണ് രാഹുല്‍ ഗാന്ധി ആഗ്രഹിച്ചിരുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനി പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാലും ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.
നോട്ട് നിരോധനമടക്കം കേന്ദ്ര സര്‍ക്കാര്‍ നയങ്ങളും പ്രാദേശിക ആക്രമണങ്ങളും വരെ പ്രതിപക്ഷം പ്രചരണത്തിനായി ഉപയോഗിച്ചിട്ടും ജനങ്ങള്‍ക്കിടയില്‍ അത് ഏശിയില്ലന്നതാണ് ഫലപ്രഖ്യാപനം സൂചിപ്പിക്കുന്നത്.
അതേസമയം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിടുന്ന വെല്ലുവിളി അതിജീവിക്കാന്‍ യു.പിയിലെ ജനഹിതം കരുത്താകുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.