ലക്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നോയിഡയില്‍ 17 ലക്ഷത്തിലധികം ട്രാഫിക് ചലാനുകള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചു. ഉത്തരവ് പ്രകാരം 2018 ഏപ്രില്‍ ഒന്നിനും 2021 ഡിസംബര്‍ 31 നും ഇടയില്‍ നല്‍കിയ ചലാനുകള്‍ ട്രാഫിക് വിഭാഗം റദ്ദാക്കും. ഈ വര്‍ഷം ഈ കാലയളവില്‍ ഏകദേശം 17,89,463 ചലാനുകളാണ് ട്രാഫിക് നിയമലംഘനങ്ങള്‍ക്കായി ഇഷ്യൂ ചെയ്തിരിക്കുന്നത്.
അസിസ്റ്റന്റ് ഡിവിഷനല്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിന്റെ ചലാനുകള്‍ക്ക് ഇതുവരെ ഈ ഉത്തരവ് ബാധകമായിരുന്നെങ്കില്‍ ഇനി ട്രാഫിക് പോലീസിനും ഇത് ബാധകമാകും. യാത്രക്കാര്‍, ഡെലിവറി ജീവനക്കാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ക്ക് ഈ നീക്കം പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മുകളില്‍ സൂചിപ്പിച്ച കാലയളവില്‍ പിഴ ചുമത്തിയിട്ടുള്ളവര്‍ ഇനി ചലാന്‍ അടയ്‌ക്കേണ്ട വരില്ല. കാരണം അത് ഇ-ചലാന്‍ പോര്‍ട്ടലില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യപ്പെടും. എന്നാല്‍ ഈ കാലയളവില്‍ ഇഷ്യൂ ചെയ്ത ട്രാഫിക് ചലാന്‍ പിഴ ഇതിനകം അടച്ചിട്ടുള്ളവര്‍ക്ക് ഇതില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.
പോര്‍ട്ടലില്‍ നിന്ന് കെട്ടിക്കിടക്കുന്ന ചലാനുകള്‍ നീക്കം ചെയ്യുന്നത് യുപിയില്‍ ഇതാദ്യമല്ല. നേരത്തെ, 2016 ഡിസംബറിനും 2021 ഡിസംബറിനുമിടയില്‍ നല്‍കിയ 30,000 ചലാനുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. വലിയ തോതില്‍ ചലാനുകള്‍ റദ്ദാക്കിയതിന് ശേഷം, ഇ-ചലാന്‍ ഡാറ്റ പോര്‍ട്ടലില്‍ നിന്ന് മായ്ക്കപ്പെടും. ഇത് വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാത്രമല്ല ഉത്തരവാദിത്തപ്പെട്ട ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരുപരിധിവരെ വലിയ ആശ്വാസമാകും.