പശു കശാപ്പിന്​ 10 വർഷം വരെ തടവും പിഴയും​; പുതിയ ഓർഡിനൻസ്​ ഇറക്കി​ യു.പി സർക്കാർ

ലക്‌നോ: പശുക്കളെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ കര്‍ശനമാക്കി ഉത്തര്‍പ്രേദശ് സര്‍ക്കാര്‍. പശു കശാപ്പ് തടയല്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പശുക്കളെ കശാപ്പ് ചെയ്യുന്നവര്‍ക്കെതിരെയും മരണകാരണമാകുംവിധം ഉപദ്രവിക്കുന്നവര്‍ക്കെതിരെയും കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്നത്. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം പാസാക്കി.

പശുവിനെ കൊല്ലുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവും 1 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ പിഴശിക്ഷയും നിയമം ഉറപ്പു വരുത്തുന്നു. ആദ്യ തവണ കുറ്റം ചെയ്താല്‍ ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവും മൂന്ന് ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. കുറ്റം ആവര്‍ത്തിച്ചാല്‍ പരമാവധി 10 വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം വരെ പിഴയും ലഭിക്കും. ഇത്തരക്കാരുടെ പേരുവിവരങ്ങളും ചിത്രവും പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

ഉടമയുടെ അറിവില്ലാതെ പശുക്കളെയോ മറ്റ് കന്നുകാലികളെയോ അനധികൃതമായി കടത്തുകയോ വാഹനത്തില്‍ ബീഫ് കണ്ടെത്തുകയോ ചെയ്താല്‍ ഡ്രൈവര്‍, ഓപറേറ്റര്‍, വാഹനത്തിന്റെ ഉടമ എന്നിവര്‍ക്കെതിരെ കേസെടുക്കും. ഭേദഗതി നിയമത്തിലെ സെക്ഷന്‍ അഞ്ചിലാണ് ഇതു പ്രതിപാദിക്കുന്നത്. അനധികൃത പശുക്കടത്ത് പിടിക്കപ്പെട്ടാല്‍ ഒരു വര്‍ഷത്തെയോ വിട്ടയക്കുന്നതു വരെയോ ഉള്ള പശുക്കളുടെ പരിപാലന ചെലവ് വാഹന ഉടമയില്‍ നിന്ന് ഈടാക്കും.

അതേസമയം, ജീവന്‍ അപകടത്തിലാകുന്ന വിധം പശുവിനെ പരിക്കേല്‍പ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. കുറ്റം ആവര്‍ത്തിച്ച് പിടിക്കപ്പെട്ടാല്‍ ഇരട്ടി ശിക്ഷ ലഭിക്കും. ഭക്ഷണവും വെള്ളവും നല്‍കാതെ പശുക്കളെ പട്ടിണിക്കിട്ടാല്‍ ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ കഠിനതടവാണ് ശിക്ഷ.

1955ലെ പശു കശാപ്പ് നിരോധിത നിയമം പല തവണ ഭേദഗതി ചെയ്തിട്ടുണ്ടെങ്കിലും നിയമത്തിലെ പഴുതു കാരണം അത് കൃത്യമായി നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴും ഇത്തരം കുറ്റകൃത്യങ്ങള്‍ പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പശു കശാപ്പിലേര്‍പ്പെടുന്നവര്‍ ജാമ്യം നേടി പുറത്തിറങ്ങുകയും കശാപ്പ് തുടരുകയും ചെയ്യുന്നതായാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.

പശു കശാപ്പ് തടയല്‍ നിയമം -1955 നിലവില്‍ വന്നത് 1956 ജനുവരി ആറിനാണ്. ഈ നിയമം 1958ലും 1961,1979, 2002 എന്നീ വര്‍ഷങ്ങളിലും ഭോദഗതി വരുത്തിയിരുന്നു. നിയമത്തിലെ ചട്ടങ്ങള്‍ 1964ലും 1979ലും ഭേദഗതി വരുത്തിയിട്ടുണ്ട്.

Top