യുപിലെ ബജറ്റ് നയപ്രഖ്യാപനം : പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണര്‍ രാം നായിക്കിനെതിരേ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത്.

പ്രതിപക്ഷ അംഗങ്ങള്‍ ഗവര്‍ണര്‍ക്കെതിരേ പേപ്പര്‍ ചുരുട്ടി എറിഞ്ഞു. സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വന്ന ശേഷം ക്രമസമാധാന നില തകര്‍ന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

രാവിലെ ഗവര്‍ണര്‍ വിധാന്‍ സഭയില്‍ എത്തിയപ്പോള്‍ മുതല്‍ എസ്പി, ബിഎസ്പി അംഗങ്ങള്‍ ബഹളം കൂട്ടി. പ്ലക്കാര്‍ഡും ബാനറുകളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയിരുന്നത്. ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ഇരിപ്പിടത്തില്‍ നിന്നും നടുത്തളത്തിലിറങ്ങി.

ബിജെപി സര്‍ക്കാരിനെതിരേ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി യോഗം ചേരുമെന്ന് പ്രതിപക്ഷ നേതാവും എസ്പി അംഗവുമായ റാം ഗോവിന്ദ് ചൗധരി പറഞ്ഞു.

വര്‍ഗീയ കക്ഷിക്കെതിരേ സംയുക്തമായി നീങ്ങേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top