പൗരത്വ നിയമ ഭേദഗതി അനുകൂലിച്ചില്ലെങ്കില്‍ ജീവനോടെ കുഴിച്ചുമൂടും; ഉത്തര്‍പ്രദേശ് മന്ത്രി

ന്യൂഡല്‍ഹി: ബംഗാളിന് പുറമെ ഉത്തര്‍പ്രദേശിലും ബിജെപി നേതാക്കളുടെ വിവാദ പ്രസ്താവന. പൗരത്വ നിയമ ഭേദഗതിക്കെതിരെ ശബ്ദിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന് പ്രസ്താവിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി രഘുരാജ് സിംഗ്.

പൗരത്വ നിയമ ഭേഗഗതിക്ക് അനുകൂലമായി അലിഗഡില്‍ നടന്ന റാലിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ മോദിക്കെതിരെയും യോഗി ആദിത്യനാഥിനെതിരെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു ഇതിനെതിരായി ആയിരുന്നു രഘു രാജ് സിംഗിന്റെ പരാമര്‍ശം. പ്രതിഷേധക്കാരെ ജാമ്യമില്ലാതെ ജയിലിലടയ്ക്കുമെന്നും മന്ത്രി ഭീഷണി മുഴക്കി.

അതേസമയം ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് പൊതുസ്വത്ത് നശിപ്പിക്കുന്നവരെ വെടിവച്ചുകൊല്ലണമെന്ന് ഭീഷണിപ്പെടുത്തി. ഞായറാഴ്ച പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.

സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ റെയില്‍വേ സ്വത്തുക്കളും പൊതുഗതാഗതവും നശിപ്പിക്കുന്നവര്‍ക്കെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി നടപടി എടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘അവരുടെ നേര്‍ക്ക് വെടിയുതിര്‍ക്കാനും ലാത്തി പ്രയോഗിക്കാനും മുഖ്യമന്ത്രി ശ്രമിച്ചില്ല’ എന്നാണ് ദിലീപ് ഘോഷിന്റെ വിമര്‍ശനം.

Top