ഡല്‍ഹി : ഉത്തര്‍പ്രദേശിലുണ്ടായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അതീവ ഗുരുതരമായ വിഷയമെന്നും ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടി വരുമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസയച്ചു.
ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ കുറിച്ച് സിബിഐയോ പ്രത്യക സംഘമോ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി.
അതേസമയം ജനുവരി 2ന് സുപ്രീംകോടതി കൊലപാതകങ്ങളില്‍ വിശദീകരണം തേടിയിരുന്നു. രണ്ടാഴ്ചയ്ക്കകം യു.പി. സര്‍ക്കാര്‍ മറുപടി നല്‍കണമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. പൊതുതാല്‍പര്യഹര്‍ജിയിലായിരുന്നു കോടതി നടപടി.
ഉത്തര്‍പ്രദേശിലെ കൊടുംക്രിമിനല്‍സംഘങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് െപാലീസ് ഏറ്റുമുട്ടലുകള്‍ക്ക് ഉത്തരവിട്ടത്. എന്നാല്‍, ഇതിന്റെ മറവില്‍ നിരപരാധികളെയും കൊലപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി യു.പി. സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടത്. ഹര്‍ജിയുടെ പകര്‍പ്പ് കോടതിയിലുണ്ടായിരുന്ന യു.പി അഡിഷനല്‍ അഡ്വക്കേറ്റ് ജനറല്‍ ഐശ്വര്യാഭാട്ടിക്ക് കൈമാറുകയും ചെയ്തിരുന്നു.
പൊലീസ് ഏറ്റുമുട്ടലുകളില്‍ ഇതുവരെ അന്‍പത്തിയെട്ട് കൊടും കുറ്റവാളികള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍. എന്നാല്‍, പൊലീസ് ഒട്ടേറെ നിരപരാധികളെ വെടിവച്ചുകൊന്നുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. യഥാര്‍ഥ കണക്കുകള്‍ പുറത്തുവിടണമെന്നും കൊലപാതകങ്ങള്‍ സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.