ലക്‌നൗ: ഏപ്രില്‍ ഒന്നു മുതല്‍ യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശ് സെക്രട്ടറിയേറ്റ് പൂര്‍ണ്ണമായും ഓണ്‍ലൈനിലേക്ക്. അടുത്തമാസം ഒന്നു മുതല്‍ സെക്രട്ടറിയേറ്റിലെ 93 വിഭാഗങ്ങളും പൂര്‍ണ്ണമായും ഇ-സിസ്റ്റത്തിലേക്ക് മാറുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥാണ് അറിയിച്ചത്.
സെക്രട്ടറിയേറ്റിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗമായ സാഡിനാണ് (എസ്എഡി) ഇതിന്റെ ചുമതല. സെക്രട്ടറിയേറ്റില്‍ ഇതിനോടകം തന്നെ 3,270 കമ്പ്യൂട്ടറുകളും, 650 സ്‌കാനറുകളും സ്ഥാപിച്ചുവെന്നും എസ്എഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മഹേഷ് ഗുപ്ത പറഞ്ഞു.
ഇനി ആര്‍ക്കും സെക്രട്ടറിയേറ്റില്‍ പേപ്പര്‍ ഉപയോഗിക്കേണ്ടി വരില്ലെന്നും, എല്ലാം ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും അതുപോലെ മന്ത്രിമാരും, ഓഫീസര്‍മാരും ഇനി മുതല്‍ ഡിജിറ്റല്‍ ഒപ്പുകള്‍ രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017-ല്‍ ഒരു തുടക്കമെന്ന നിലയില്‍ ഇരുപത് ഓഫീസുകളിലെ വിവിധ വിഭാഗങ്ങളില്‍ ഇ-ഓഫീസ് സിസ്റ്റം നടപ്പാക്കിയിരുന്നു. പരീക്ഷണത്തില്‍ വിജയിച്ചതോടെ സെക്രട്ടറിയേറ്റില്‍ മുഴുവനായും ഇ-ഓഫീസ് സിസ്റ്റം കൊണ്ടുവരാനാണ് തീരുമാനമെന്നും മഹേഷ് ഗുപ്ത പറഞ്ഞു. മുഖ്യമന്ത്രിയുടെതും, ചീഫ് സെക്രട്ടറിയുടെ ഓഫീസും ഉള്‍പ്പെടെ ബാക്കിയുള്ള 73 വിഭാഗങ്ങളുടെ പണിയും പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം ഇതുമായി ബന്ധപ്പെട്ട് എല്ലാ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശങ്ങളും പരിശീലനവും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ കൈകാര്യം ചെയ്യുന്നതിനായി അധികം സ്റ്റാഫുകളെ കൂടി നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.