ഉത്ര കൊലപാതകം; സൂരജിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്തത് 10 മണിക്കൂര്‍

കൊല്ലം: കൊല്ലം അഞ്ചലില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ക്രൈംബ്രാഞ്ച് സംഘം ഇന്നലെ പത്തു മണിക്കൂറുകളോളം ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഇവരെ ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണു വിവരം.

തെളിവ് നശിപ്പിക്കല്‍, കേസിലെ ഗുഢാലോചനയില്‍ പങ്ക് എന്നിവ സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസിലെ പ്രതികളായ സൂരജിനും പിതാവ് സുരേന്ദ്രനും ഒപ്പം ഇരുത്തിയായിരുന്നു ആദ്യഘട്ട ചോദ്യം ചെയ്യല്‍. അന്വേഷണ സംഘത്തിന്റെ ആവര്‍ത്തിച്ചുള്ള പല ചോദ്യങ്ങള്‍ക്കും പൊട്ടികരച്ചിലായിരുന്നു അമ്മയുടെയും മകളുടെയും മറുപടി.

കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും ഒരു പങ്കുമില്ലെന്ന് ഇരുവരും ആവര്‍ത്തിക്കുന്നു. സൂരജിന്റെ ചില സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി എടുത്ത ശേഷം അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും. ഗാര്‍ഹിക പീഡന പരാതിയില്‍ കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുത്തേക്കുമെന്നാണു വിവരം.

Top