അഞ്ച് പതഞ്ജലി മരുന്നുകളുടെ ഉത്പാദനം ഉത്തരാഖണ്ഡ് നിരോധിച്ചു

ദില്ലി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന്റെ പേരിൽ അഞ്ച് പതഞ്ജലി മരുന്നുകളുടെ ഉത്പാദനം ഉത്തരാഖണ്ഡ് നിരോധിച്ചു. ഉത്തരാഖണ്ഡിലെ ആയുർവേദ യുനാനി ലൈസൻസിംഗ് അതോറിറ്റിയുടേതാണ് നടപടി. പതഞ്ജലിയുടെ പരസ്യങ്ങൾ നിയമ വിരുദ്ധമെന്ന് കാണിച്ച് മലയാളിയായ ഡോ. കെ വി ബാബു നേരത്തെ ആയുർവേദ യുനാനി ലൈസൻസിംഗ് അതോറിറ്റിക്ക് പരാതി നൽകിയിരുന്നു.

ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള ദിവ്യാ ഫാർമസി പതഞ്ചലി ബ്രാൻഡിൽ പുറത്തിറക്കുന്ന അഞ്ച് മരുന്നുകളുടെ ഉത്പാദനം നിർത്തിവെക്കാനാണ് ഉത്തരവ്. രക്തസമ്മർദ്ദം, പ്രമേഹം, ഗ്ലൂക്കോമ, ഗോയ്റ്റർ, കൊളസ്ട്രോൾ എന്നീ രോഗങ്ങൾക്കുള്ള മധുഗ്രിറ്റ്, ഐഗ്രിറ്റ്, തൈറോഗ്രിറ്റ്, ബിപിഗ്രിറ്റ്, ലിപിഡോം എന്നിവയാണ് മരുന്നുകൾ.

1940 ലെ മാജിക് റെമഡീസ് ആക്ട്, ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ട് എന്നീ നിയമങ്ങൾ പ്രകാരം ഈ രോഗങ്ങൾക്കുള്ള മരുന്നുകളുടെ പരസ്യം പാടില്ല. ഇക്കാര്യം ചൂണ്ടികാണിച്ചാണ് കണ്ണൂർ സ്വദേശിയായ നേത്ര വിദഗ്ധൻ ഡോ. കെ വി ബാബു ആയുഷ് മന്ത്രാലയത്തിനും, ഉത്തരാഖണ്ഡിലെ ആയുർവേദ യുനാനി ലൈസൻസിംഗ് അതോറിറ്റിക്കും പരാതി നൽകിയത്.

അഞ്ച് ഉല്‍പ്പന്നങ്ങളുടെ പരസ്യം നൽകുന്നതിൽ നിന്ന് പിന്മാറണം എന്ന് പതഞ്ജലിയോട് സെപ്റ്റംബർ ആദ്യം തന്നെ ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. തുടർച്ചയായി മുന്നറിയിപ്പുകൾ അവഗണിച്ചതിനു പിന്നാലെയാണ് നിരോധനമെന്നാണ് വിവരം. വീണ്ടും ഉത്പാദനം തുടങ്ങണമെങ്കിൽ ഓരോ മരുന്നിന്റെ പുതുക്കിയ ഫോർമുലേഷൻ ഷീറ്റുകളും ലേബലിനുള്ള അപേക്ഷയും സമർപ്പിക്കാൻ പതഞ്ജലിയോട് അതോറിറ്റി ആവശ്യപ്പെട്ടു.

ലൈസൻസ് ഓഫീസർ ഒപ്പിട്ട ഉത്തരവ് പുറത്ത് വന്നിട്ടും നിരോധനത്തിന്റെ അറിയിപ്പ് ലഭിച്ചിട്ടില്ല എന്നാണ് കമ്പനിയുടെ വിശദീകരണം. ആയുർവേദ വിരുദ്ധ മാഫിയയാണ് പ്രചാരണത്തിന് പിന്നിലെന്നും കമ്പനി ആരോപിക്കുന്നു.

Top