ഡെറാഡൂണ്‍: വിശ്വാസവോട്ടിനായി വിമത എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ സിബിഐ ചോദ്യം ചെയ്തു. ദില്ലിയിലെ സിബിഐ ആസ്ഥാനത്തു വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. വിമത എംഎല്‍എ മാര്‍ക്ക് പണം നല്കി സ്വാധീനിക്കാന്‍ ശ്രമിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.
മാര്‍ച്ച് 27ന് രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് ഏര്‍പ്പെടുത്തുന്നതിനു മുമ്പായിരുന്നു വിമത എംഎല്‍എമാരെ സ്വാധീനിക്കാന്‍ റാവത്ത് ശ്രമിച്ചത്. റാവത്ത് ഭരണത്തില്‍ തുടരാന്‍ വളഞ്ഞ മാര്‍ഗങ്ങള്‍ സ്വീകരിച്ചതിന്റെ തെളിവാണിതെന്നാണ് ബിജെപി ആരോപണം.
മേയ് 10നു നടന്ന വിശ്വാസവോട്ടില്‍ ഹരീഷ് റാവത്ത് ഭൂരിപക്ഷം തെളിയിച്ച് ഭരണത്തില്‍ തിരിച്ചെത്തിയിരുന്നു. അയോഗ്യരാക്കിയ എംഎല്‍എമാര്‍ക്ക് വിശ്വാസവോട്ടില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് 33ഉം ബിജെപിക്ക് 28ഉം എംഎല്‍എമാരുടെ പിന്തുണയാണ് ലഭിച്ചത്.